
മുളന്തുരുത്തി: ഒക്ടോബർ 18-ന് അരയങ്കാവിലെ റബർ വ്യാപാര സ്ഥാപനമായ ‘ജിനു റബേഴ്സിൽ’ നിന്ന് ₹30,000 കവർന്ന കേസിൽ പ്രതിയായ ജിൻസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരിയുടെ മാല കവർന്ന കേസുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ തന്നെയാണ് അരയങ്കാവിലെ മോഷണവും നടത്തിയതെന്ന് മുളന്തുരുത്തി പോലീസ് സ്ഥിരീകരിച്ചു.
മോഷ്ടാവിനെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിലൂടെജാതിപത്രി ചോദിച്ചെത്തിയാണ് പ്രതി ജിനു റബേഴ്സിൽ നിന്ന് പണം കവർന്നത്. മോഷണശേഷം പ്രതി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പല റൂട്ടുകളിലൂടെ വാഹനവുമായി സഞ്ചരിച്ചത് അന്വേഷണത്തിൽ വെല്ലുവിളിയായി. എന്നാൽ, രണ്ട് ജില്ലകളിലായി 50-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വഴികളിലെ മുഴുവൻ ദൃശ്യങ്ങളും ശേഖരിക്കുകയായിരുന്നു.
അന്വേഷണത്തിൽ വഴിത്തിരിവായത് അരയങ്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്രിയേറ്റീവ് അരയങ്കാവ്’ എന്ന കൂട്ടായ്മയിലെ യുവാക്കളുടെ സജീവമായ പങ്കാളിത്തമാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങൾ പോലീസിനെ സഹായിക്കുകയും, ദൃശ്യങ്ങൾ ശേഖരിച്ച് മുളന്തുരുത്തി പോലീസിന് കൈമാറുകയും ചെയ്തു. ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായ ശ്രമഫലമായാണ് പ്രതിയിലേക്ക് എത്താനും കുറ്റവാളിയെ കണ്ടെത്തുവാനും സാധിച്ചത്. തുടർനടപടികൾ ആരംഭിച്ചു
ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ അരയങ്കാവിലെ കച്ചവടക്കാരൻ നേരിട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിരിക്കുകയാണ്. നിയമപരമായ തുടർനടപടികളുമായി മുളന്തുരുത്തി പോലീസ് മുന്നോട്ടു പോകുമെന്ന് അറിയിച്ചു…