ജലജീവൻ പദ്ധതി പ്രകാരം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അരയൻ കാവിൽ ടാങ്ക് നിർമ്മാണം ആരംഭിച്ച് പാതി വഴിയിൽ ഉപേക്ഷിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അരയൻകാവ് വാട്ടർ ടാങ്കിനു മുന്നിൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുടം ഉടച്ച് പ്രതിഷേധിച്ചു,2022 ൽ ആരംഭിച്ച വാട്ടർ ടാങ്ക് പണി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാതെ വന്നതോടെ കരാറുകാരൻ അവസാനിപ്പിക്കുകയായിരുന്നു. രണ്ടു വർഷം കഴിഞ്ഞിട്ടും തൂണുപോലും പൂർത്തിയാക്കിയിട്ടില്ല. ജലജീവൻ പദ്ധതി പ്രകാരം നാലു പഞ്ചായത്തുകൾക്കായി 78 കോടി രൂപയാണ് ചെലവ്.ഹൈദ്രാബാദ് ലെ സഫാ എന്ന കമ്പനിയാണ് ടെണ്ടർ എടുത്തിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ഈ പഞ്ചായത്തിൽ മാത്രം 1500 ൽ അധികം വാട്ടർ കണക്ഷൻ എടുത്തിട്ടുണ്ട്.ഇവർക്കൊന്നും ആഴ്ചയിൽ ഒരുദിവസം പോലും വെള്ളം കൊടുക്കാൻ വാട്ടർ അതോറിറ്റിക്കു കഴിയുന്നില്ല. മാസാമാസം വാട്ടർ ചാർജ് അടച്ചില്ലങ്കിൽ കണക്ഷൻ കട്ടു ചെയ്യും എന്ന വാട്ടർ അതോറിറ്റിയുടെ ഭീഷണിയും കൂടി വന്നതോടെ ജനം വലയുകയാണ്. വേനൽ കനത്തതോടെ ഗ്രാമ പഞ്ചായത്തിൻ്റെ മിക്ക മേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കിണറുകൾ എല്ലാം തന്നെ വറ്റി.ജനങ്ങളുടെ ഏക പ്രതീക്ഷയാണ് ഇപ്പോൾ ഫണ്ട് നൽകാതെ തകർത്തിരിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആർ.ഹരി ഉൽഘാടനം ചെയ്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണൻ ജലജ മണിയപ്പൻ,,ബ്ലോക്ക് സെക്രട്ടറിമാരായ ജീവൽ ശ്രീ പിള്ള, സലിം അലി, ലീലാ ഗോപാലൻ, വൈക്കം നസീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ, അസീന ഷാ മൽ, ജെസി ജോയി, ജയന്തി റാവു ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുവർഗീസ്, എന്നിവർ സംസാരിച്ചു. അരയൻ കാവ് ടൗണിൽ നിന്നും ആരംഭിച്ച പ്രകടനത്തിനും നിരവധിയാളുകൾ പങ്കെടുത്തു.