ആലപ്പുഴ മെഡിക്കൽ കോളേജിൽ അതിസങ്കീർണ്ണ ഹൃദയ ശസ്ത്രക്രിയ വിജയം; കാർത്തികപ്പള്ളി സ്വദേശിക്ക് പുതുജീവൻ

15 ലക്ഷം രൂപയുടെ സർജറി സൗജന്യമായാണ് ചെയ്തത്

ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തധമനിയിലെ അപൂർവ വീക്കം ബാധിച്ച കാർത്തികപ്പള്ളി സ്വദേശിയായ പുത്തൻമണ്ണേൽ രണദേവിന് (66) ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ സമ്മാനിച്ചു. കഴിഞ്ഞ ജൂൺ 30ന് 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായത്. രണദേവ് ബുധനാഴ്ച്ച(ജൂലൈ 16ന്) ആരോഗ്യവാനായി ആശുപത്രി വിട്ടു.

 

വീക്കം മഹാധമനിയുടെ പ്രാധാന ഭാഗത്തായിരുന്നതിനാൽ ഹൃദയത്തിൻ്റെ പ്രവർത്തനം പൂർണ്ണമായി നിർത്തി ഹാർട്ട് ലങ് മെഷീൻ ഉപയോഗിച്ച് തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കുമുള്ള നിയന്ത്രിതമായ രക്തചംക്രമണം ഉറപ്പാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. നാലുമണിക്കൂറോളം ഹാർട്ട് ലങ് മെഷീന്റെ സഹായത്തോടെ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും വീക്കം വന്ന ഭാഗം നീക്കം ചെയ്തു കൃത്രിമ രക്തധമനി വെച്ച് പിടിപ്പിക്കുകയും ചെയ്തു.

 

ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അപൂർവ്വ രോഗാവസ്ഥയാണിത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപവരെ ചെലവ് വരുന്ന ഈ അപൂർവ ശസ്ത്രക്രിയ സർക്കാർ ആശുപത്രിയിൽ സൗജന്യമായാണ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം 48 മണിക്കൂർ വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ നൽകി. പിന്നീട് ബോധം വീണ്ടെടുത്ത രോഗിയെ ഐസിയുവിൽ അഞ്ചുദിവസം പരിചരിക്കുകയും തുടർന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു.

 

സർജറിയിൽ ആവശ്യമായ വിലകൂടിയ ഉപകരണങ്ങൾ സംസ്ഥാന സർക്കാരിൻ്റെ കരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയാണ് (കാസ്പ്) ലഭ്യമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ, കാസ്പ് ജീവനക്കാർ തുടങ്ങിയവരുടെ ഇടപെടലിന്റെ ഫലമായാണ് സൗജന്യമായി ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാക്കാനായത്.

 

ശസ്ത്രക്രിയയിൽ ഡോ. വി സുരേഷ് കുമാർ, കെ ടി ബിജു, ഡോ. ആനന്ദകുട്ടൻ, ഡോ. കൊച്ചുകൃഷ്ണൻ, ഡോ. വീണ, ഡോ. ഹരികുമാർ, ഡോ. ബിറ്റു, ഡോ. അനാമിക, ഡോ. ചോവങ്ങ് തുടങ്ങിയ വിദഗ്ധർ പങ്കാളികളായി.