ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; കുളം വറ്റിച്ച് ശുചീകരിക്കുന്നതിന് നടപടി ആരംഭിച്ചു
ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. തിലോപ്പിയ, കരിമീൻ എന്നിവയും ഏതാനും വലിപ്പമേറിയ വളർത്തുമത്സ്യങ്ങളുമാണ് ചത്തുപൊങ്ങിയത്. കുളത്തിലുള്ള വരാൽ, കാരി തുടങ്ങിയ മത്സ്യങ്ങൾ ചത്തിട്ടില്ല. രണ്ടു ദിവസം മുമ്പു മുതലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കണ്ടു തുടങ്ങിയത്.ഇന്ന് രാവിലെയായതോടെ ചത്ത മത്സ്യങ്ങളുടെ എണ്ണം കൂടി. ചത്തമത്സ്യങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടവരും റിട്ടയേർഡ് ഫയർ സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ചേർന്ന് എടുത്ത് ചാക്കിലാക്കി കുഴികളെടുത്തു മൂടി. രണ്ട് ദിവസം മുമ്പ് പെയ്ത മഴയെ തുടർന്ന് പുളിപ്പിളകിയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതെന്നാണ് കരുതുന്നത്. കുളത്തിലെ വെള്ളം വറ്റിച്ചു കുളംശുചീകരിക്കുന്നതിന് ദേവസ്വം ബോർഡ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടു വർഷം മുമ്പും മഴ കനത്ത് പെയ്തതിനെ തുടർന്ന് കുളത്തിലെ മത്സ്യങ്ങൾ ചത്തിരുന്നു. ഏറെ വിസ്തൃതിയുള്ള ക്ഷേത്രക്കുളത്തിൽ നിരവധി പേർ കുളിക്കുന്നതിനും, വൈക്കത്തെ വിവിധ പ്രദേശത്ത് നിന്നുള്ള കുട്ടികൾ നീന്തൽ പരിശീലിക്കാനുമെത്തുന്നുണ്ട്.