എം. എ. കോളേജിൽ സ്‌ട്രെസ്‌ മാനേജ്മെന്റ് ശില്പശാല

കോതമംഗലം :ജോലി സമ്മർദ്ദവും,മാനസിക പിരിമുറുക്കവും കുറക്കുവാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഐ ക്യു എ സി യുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.സ്‌ട്രെസ് മാനേജ്മെന്റ് ശില്പശാലയിൽ പ്രശസ്ത കോർപ്പറേറ്റ് ട്രെയിനറും, ഹാപ്പിനെസ്സ് കോച്ചുമായ വർഗീസ് എം തോമസ് ക്ലാസ്സ്‌ നയിച്ചു. ചടങ്ങിൽ അഡ്മിനിസ്ട്രറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

 

ആധുനിക തൊഴിൽ സംസ്കാരത്തിൽ മാനേജ്മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദവും അതുകൊണ്ടുള്ള പ്രശ്നങ്ങളുമെന്നും,അത് നിസ്സാരമായി കരുതേണ്ട കാര്യമല്ലന്നും വർഗീസ് എം തോമസ് പറഞ്ഞു.

പ്രധാനമായും ജോലി ഭാരത്തോടൊപ്പം വ്യക്തിപരമായ പ്രശ്നങ്ങളും കൂടി ചേരുന്നതോടെയാണ് ജോബ് സാറ്റിസ്ഫാക്ഷൻ ലെവൽ താഴേക്ക് ഇറങ്ങാൻ തുടങ്ങുന്നത്. ഇത് കടുത്ത മാനസിക സമ്മർദ്ദമായി അവരിൽ പ്രതിഫലിച്ചു തുടങ്ങുന്നതോടെ സ്ഥാപനത്തിന്റെ മൊത്തം പ്രവർത്തനങ്ങളിലും ഇത് സ്വാധീനം ചെലുത്താൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജോലിസ്ഥലത്തിനു പുറത്തു ചെലവഴിക്കാൻ സമയം കണ്ടെത്തണമെന്നും,

ജീവിതത്തിൽ ശുഭചിന്തകൾ വളർത്തുന്ന ഹോബികൾ എല്ലാവർക്കും വേണമെന്നും വർഗീസ് കൂട്ടിച്ചേർത്തു. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ്, ജൂനിയർ സൂപ്രണ്ട് ദീപു വി. ഇ എന്നിവർ ശില്പശാലയിൽ പ്രസംഗിച്ചു.