പൊലീസുകാർക്ക് ശിക്ഷ 10 കിലോമീറ്റർ ഓട്ടം; എസ്‌പിക്ക് എതിരെ പരാതി

 മുളന്തുരുത്തി ഇൻ സ്പെക്ട‌ർ മനീഷ് പൗലോസിനോടും വനിതാ എസ്‌ഐ പ്രിൻസിയോടും കാലടി ഇൻസ്പെക്ടർ അനിൽ പി. മേപ്പിള്ളിക്കും ആണ് ശിക്ഷ നടപടി ഉണ്ടായത്

 

റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് എതിരെ ഓഫിസേഴ്‌സ് അസോസിയേഷൻ

ക്രൈം കോൺഫറൻസിനു വൈകി എത്തിയ പൊലിസ് ഉദ്യോഗസ്ഥരെ ശിക്ഷാ നടപടിയുടെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമ ലത 10 കിലോമീറ്റർ ഓടിച്ചതിന് എതിരെ കേരള പൊലീസ് ഓഫിസേഴ്സ‌് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.

 

പൊലീസിനു വീഴ്ച സംഭവിക്കുമ്പോൾ അച്ചടക്ക നടപടി സ്വാഭാവികമാണെങ്കിലും അവരെ അടിമപ്പണിക്കാരെപ്പോലെ കാണുന്നതും പ്രാകൃത നടപടി സ്വീകരിക്കുന്നതും കേരളത്തിന്റെ സാംസ്കാരിക മുഖത്തിന് അപമാനമാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രതികരിച്ചു.

 

ഇത്തരം പ്രാകൃത ഉത്തരവുകൾ ശിക്ഷാ നടപടിയുടെ രൂപത്തിലാണെങ്കിൽ പോലും അനുസരിക്കേണ്ടതില്ലെന്നും അദ്ദേഹംസമൂഹമാധ്യമത്തിൽ കുറിച്ചു.

 

കഴിഞ്ഞയാഴ്ച‌ ആലുവയിൽ നടന്ന പ്രതിമാസ ക്രൈം കോൺ ഫറൻസിൽ 10 മിനിറ്റ് വൈകി എത്തിയ മുളന്തുരുത്തി ഇൻസ്പെക്ട‌ർ മനീഷ് പൗലോസിനോടും വനിതാ എസ്‌ഐ പ്രിൻസിയോടും 10 കിലോമീറ്റർ ഓടിയ ശേഷം വിഡിയോ ദൃശ്യവും ലൊക്കേഷനും അയയ്ക്കാൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

 

കോൺഫറൻസിനിടെ മയങ്ങിയ കാലടി ഇൻസ്പെക്ടർ അനിൽ പി. മേപ്പിള്ളിക്കും ഇതേ ശിക്ഷ നൽകി. മനീഷ് മാത്രമേ ശിക്ഷ പൂർണമായി അനുസരിച്ചുള്ളൂ എന്നു പറയുന്നു. അദ്ദേഹം മൊബൈൽ ഫോണിൽ ഗൂഗിൾ ചെയ്ത് ഓടിയ വിഡിയോയം എസ്‌പി അയച്ചു കൊടുത്തു.

 

ഇതേസമയം, സഹപ്രവർത്തകരെ ബഹുമാനിക്കുന്നയാളാണ് എസ്‌പി എന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരത്തിൻ്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ റണ്ണിങ് ചാലഞ്ച് തുടരണമെന്നു പറഞ്ഞതു തെറ്റിദ്ധരിച്ചതാണെന്നും എസ്‌പി ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.