
കൊച്ചി: നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ആവശ്യമായ പാസ്പോർട്ട് സൈസ് ഫോട്ടോ ഇല്ലാതെ എത്തി ആശങ്കയിലായ വിദ്യാർത്ഥിനിക്ക് സഹായഹസ്തവുമായി എളമക്കര പൊലീസ്. സമയോചിതമായ ഇടപെടലിലൂടെ വിദ്യാർത്ഥിനിക്ക് പരീക്ഷ നഷ്ടമാകാതെ രക്ഷപ്പെടുകയായിരുന്നു.🙏
എളമക്കര പുന്നക്കൽ ജി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രത്തിലെത്തിയ വൈപ്പിൻ സ്വദേശിനി സന ജോസാണ് പ്രതിസന്ധിയിലായത്. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിനിടെ തന്റെ കൈവശം പാസ്പോർട്ട് സൈസ് ഫോട്ടോ ഇല്ലെന്ന് സന മനസ്സിലാക്കുകയായിരുന്നു.
ഇതിനിടെ ഒപ്പമുണ്ടായിരുന്ന ബന്ധു വീട്ടിലേക്ക് മടങ്ങിയിരുന്നതും പരീക്ഷാ സമയം അടുത്തിരുന്നതും വിദ്യാർത്ഥിനിയെ കൂടുതൽ ആശങ്കയിലാക്കി. ഞായറാഴ്ചയായതിനാൽ സമീപത്തെ സ്റ്റുഡിയോകളും അടഞ്ഞുകിടക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ ചിഞ്ചുവും അശ്വതിയും ഉടൻ ഇടപെടുകയും വിവരം എസ്.ഐ ലാലു ജോസഫിനെ അറിയിക്കുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ എസ്.ഐ ഉടൻ തന്നെ ദേശാഭിമാനി ജംഗ്ഷനിലെ ‘സീയോൻ’ സ്റ്റുഡിയോ ഉടമ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടു.
പോലീസിന്റെ അടിയന്തര അഭ്യർത്ഥന ലഭിച്ചയുടൻ ബിനു വീട്ടിൽ നിന്ന് എത്തി സ്റ്റുഡിയോ തുറക്കുകയും വിദ്യാർത്ഥിനിയുടെ ഫോട്ടോകൾ പ്രിന്റ് ചെയ്ത് നൽകുകയും ചെയ്തു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ മഹേഷ് ഫോട്ടോയുമായി സ്കൂളിലെത്തി സനയ്ക്ക് കൈമാറി.
പോലീസിന്റെയും സ്റ്റുഡിയോ ഉടമയുടെയും കൃത്യസമയത്തുള്ള ഇടപെടലിനെ തുടർന്ന് സനയ്ക്ക് യാതൊരു തടസ്സവുമില്ലാതെ പരീക്ഷാ ഹാളിൽ പ്രവേശിക്കാനായി. ഒരു വിദ്യാർത്ഥിനിയുടെ ഭാവി സംരക്ഷിക്കാൻ കാണിച്ച ഈ മനുഷ്യസ്നേഹ പ്രവർത്തനത്തിന് സമൂഹമാധ്യമങ്ങളിലും നാട്ടുകാരുടെയും ഭാഗത്ത് നിന്ന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.