*മാറ്റത്തിന്റെ പാതയിൽ മുളന്തുരുത്തി: പള്ളിത്താഴം ബസ് സ്റ്റാൻഡ് ഇനി സ്മാർട്ടാകും!*

​മുളന്തുരുത്തിയുടെ ഹൃദയഭാഗത്തെ ഗതാഗതക്കുരുക്കിന് വിരാമമിട്ട് പള്ളിത്താഴം ബസ് സ്റ്റാൻഡിനെ ജനസൗഹൃദമാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റാൻഡിനുള്ളിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിച്ചുകൊണ്ട് ഇന്ന് മുതൽ പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ ബസ്സുകൾക്ക് സ്റ്റാൻഡിന്റെ പിൻവശത്ത് പ്രത്യേക സ്റ്റോപ്പിംഗ് ക്രമീകരണങ്ങൾ പോലീസിന്റെ സഹായത്തോടെ നടപ്പിലാക്കി കഴിഞ്ഞു. യാത്രക്കാർക്കായി താൽക്കാലിക കാത്തിരിപ്പ് കേന്ദ്രവും 30-ഓളം ഇരിപ്പിടങ്ങളും പഞ്ചായത്ത് ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

​ബസ്സുകൾ സ്റ്റാൻഡിൽ കയറുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹോം ഗാർഡിന്റെ സേവനം ലഭ്യമാക്കുമെന്നും ആധുനിക ഷെൽട്ടറുകളും വിപുലമായ വിശ്രമ സൗകര്യങ്ങളും വൈകാതെ സ്റ്റാൻഡിൽ യാഥാർത്ഥ്യമാകുമെന്നും മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അറിയിച്ചു. വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ എ. മണി, ജോയൽ കെ. ജോയ്, വാർഡ് മെമ്പർമാരായ ബിനോയ് ദാസ്, അപർണ ബാബു, ഇന്ദുലേഖ മണി, രേണുക സാബു തുടങ്ങിയ ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തിയാണ് പുതിയ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.

 

മുളന്തുരുത്തിയെ ഒരു മാതൃകാ നഗരമാക്കി മാറ്റാനുള്ള ഈ വികസന കുതിപ്പിന് എല്ലാ നാട്ടുകാരുടെയും സഹകരണം ഭരണസമിതി അഭ്യർത്ഥിച്ചു.