
മുളന്തുരുത്തി: അടിസ്ഥാന സൗകര്യ വികസനത്തിനും ടൗൺ സൗന്ദര്യവൽക്കരണത്തിനും മുൻഗണന നൽകി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പള്ളിത്താഴം ബസ് സ്റ്റാൻഡ് വികസനവും ടൗൺ നവീകരണവും വഴി നാടിന്റെ മുഖഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാറാണ് അവതരിപ്പിച്ചത്. ആകെ 37.43 കോടി രൂപ വരവും 35.50 കോടി രൂപ ചെലവും 1.92 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണിത്. പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നാടിന്റെ സമഗ്ര വികസനത്തോടൊപ്പം കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്കും തുല്യ പ്രാധാന്യമാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. കാലങ്ങളായുള്ള ആവശ്യമായ പള്ളിത്താഴം ബസ് സ്റ്റാൻഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനും നവീകരണത്തിനുമായി 75 ലക്ഷം രൂപ നീക്കിവച്ചു. കൊച്ചി മെട്രോ ഫീഡർ ബസുകളുടെ സേവനം മുളന്തുരുത്തിയിലേക്ക് വ്യാപിപ്പിക്കാൻ ഭരണസമിതിയുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
മുളന്തുരുത്തി ടൗണിന്റെ ഹൃദയഭാഗമായ പള്ളിത്താഴം മുതൽ കരവട്ടേക്കുരിശ് വരെയുള്ള ഭാഗങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിനും പാർക്കും ഓപ്പൺ ജിമ്മും സജ്ജമാക്കുന്നതിനുമായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശുചിത്വ മേഖലയിൽ ‘ക്ലീൻ മുളന്തുരുത്തി’ പദ്ധതിക്കായി 10 ലക്ഷം രൂപയും മാറ്റിിവച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. കൂടാതെ പ്രധാന ജംക്ഷനുകളിൽ മിനി മാസ്റ്റ് ലൈറ്റുകളും കാലാവസ്ഥാ പഠനത്തിനായി മഴമാപിനികളും സ്ഥാപിക്കും.
രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കാൻ വന്ധ്യംകരണ പദ്ധതികൾ കാര്യക്ഷമമാക്കുന്നതിനും നായ്ക്കൾക്കായി പ്രത്യേക സംരക്ഷണ കേന്ദ്രം ഒരുക്കുന്നതിനുമായി 75 ലക്ഷം രൂപ ബജറ്റിലുണ്ട്. കർഷകരുടെ ക്ഷേമത്തിനായി തിരുക്കൊച്ചി മാർക്കറ്റ് നവീകരിക്കും. ‘മുളന്തുരുത്തി ബ്രാൻഡ്’ എന്ന പേരിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും വനിതാ സംരംഭകർക്ക് പലിശരഹിത വായ്പ നൽകാനും പദ്ധതിയുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ യുപി സ്കൂളുകളിലെ പ്രഭാതഭക്ഷണത്തിനായി 10 ലക്ഷം രൂപയും ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ പിഎസ്സി പരിശീലന കേന്ദ്രം തുടങ്ങാൻ 5 ലക്ഷം രൂപയും മാറ്റിവച്ചു. കായിക വിനോദങ്ങൾക്കായി പെരുമ്പിള്ളി കളിക്കളത്തിന് 25 ലക്ഷം രൂപയും ക്ലബ്ബുകൾക്കായി 5 ലക്ഷം രൂപയും വകയിരുത്തി. എല്ലാ വാർഡുകളിലും വയോജനങ്ങൾക്കായി പകൽവീടുകൾ സ്ഥാപിക്കുമെന്നും മുളന്തുരുത്തിയുടെ കലാ-സാംസ്കാരിക പൈതൃകം വീണ്ടെടുക്കാൻ മുളന്തുരുത്തി ഫെസ്റ്റ്, ഓണം ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്തംഗം ബിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ഒ.എ. മണി, ലതിക അനിൽ, ജോയൽ കെ. ജോയി, സെക്രട്ടറി കെ.ആർ. അഞ്ജന ദീപ്തി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.