വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ അയ്യൻകുഴിയിൽ സ്ഥാപിക്കുന്ന സമഗ്ര മാലിന്യ സംസ്കരണ പ്ലാന്റിനായുള്ള സ്ഥലമേറ്റെടുപ്പ് പ്രൊപ്പോസൽ ഉടൻ തന്നെകൈമാറുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക

വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ അയ്യൻകുഴിയിൽ സ്ഥാപിക്കുന്ന സമഗ്ര മാലിന്യ സംസ്കരണ പ്ലാന്റിനായുള്ള സ്ഥലമേറ്റെടുപ്പ് പ്രൊപ്പോസൽ ഉടൻ തന്നെ  കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റിന് (കെഎസ്ഡബ്ല്യുഎംപി) കൈമാറുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. അയ്യൻകുഴി നിവാസികളുമായി നടത്തിയ യോഗത്തിലാണ് ജില്ലാ കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

 

​കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ), ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ( എച്ച്ഒസിഎൽ) എന്നിവയ്ക്കിടയിലുള്ള പ്രശ്നബാധിത മേഖലയിലാണ് പ്ലാന്റിനായി സ്ഥലം ഏറ്റെടുക്കുന്നത്.

 

സ്ഥലമേറ്റെടുപ്പിൽ അന്തിമ തീരുമാനം വരുന്നത് വരെ പ്രശ്ന ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ദുരിതബാധിതരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസ്ഥായം നൽകാൻ എച്ച്ഒസിഎല്ലിനോടും, ഫുഡ് കിറ്റുകൾ വിതരണം ചെയ്യാൻ ബിപിസിഎല്ലിനോടും കളക്ടർ ആവശ്യപ്പെട്ടു.

 

​2025 ജൂലൈ 8-ന് ബിപിസിഎൽ റിഫൈനറിയിലെ ഭൂഗർഭ കേബിൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ അയ്യൻകുഴി പ്രദേശത്ത് പുക വ്യാപിച്ചതിനെ തുടർന്ന് നാൽപതിലധികം കുടുംബങ്ങളെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

 

കാക്കനാട് ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ, വടവുക്കോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റെജി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ബിപിസില്‍, എച്ച് ഒസിഎൽ പ്രതിനിധികൾ, വിവിധ വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.