വെളീപ്പാലം റെയിൽവേ ഗേറ്റ് അടച്ചിട്ടതിനെതിരെ ജനകീയ പ്രതിഷേധം

 _മഴ മാറിയാലുടൻ റോഡ് നന്നാക്കാമെന്ന് റെയിൽവേയുടെ ഉറപ്പ്_

​ആമ്പല്ലൂർ: ആമ്പല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന വെളീപ്പാലം റെയിൽവേ ഗേറ്റ് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ അടച്ചിടുകയും, റെയിൽവേയുടെ അധീനതയിലുള്ള റോഡ് കുത്തിപ്പൊളിച്ച് യാത്രായോഗ്യമല്ലാതാക്കുകയും ചെയ്തതിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം.

 

പണികൾ പൂർത്തിയാക്കാതെ റോഡ് അപകടാവസ്ഥയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. രോഗികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളാണ് ഇതുമൂലം കടുത്ത യാത്രാദുരിതം നേരിടുന്നത്.

​റെയിൽവേ അധികൃതരുടെ ഈ ജനദ്രോഹ നടപടിക്കെതിരെ രണ്ടാം വാർഡ് മെമ്പർ അതുൽ പാണക്കാടൻ, സമര കൺവീനർ അനീഷ് പാറക്കൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. അനീഷ് കെ.പി, ജോബി, സിജു, അഖിൽ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് അഭിമുഖ്യം നൽകി സംസാരിച്ചു.

​ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ നിലവിലുള്ള മഴ തോരുന്ന മുറയ്ക്ക് തന്നെ റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ പ്രതിഷേധ പരിപാടികൾ താൽക്കാലികമായി അവസാനിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. എത്രയും വേഗം പണി തീർത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.