ഉപഭോക്താക്കള്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍ പൊതുജനം ഏറ്റെടുത്തു കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിച്ച് ഒരു കൊല്ലം പിന്നിട്ട അഞ്ച് കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍ വഴി നേടിയത് 5 കോടി രൂപയുടെ വിറ്റുവരവ്. നിലവില്‍ പത്ത് ജില്ലകളിലായി പത്ത് പ്രീമിയം റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തൃശ്ശൂര്‍ (ഗുരുവായൂര്‍), എറണാകുളം(അങ്കമാലി), വയനാട് (മേപ്പാടി), പത്തനംതിട്ട (പന്തളം), കണ്ണൂര്‍ ജില്ലകളിലെ പ്രീമിയം റെസ്റ്റോറന്റുകള്‍ ചേര്‍ന്നാണ് 5.27 കോടി രൂപ വരുമാനം നേടിയത്. ഗുരുവായൂരില്‍ 1,74,93,028 രൂപയും അങ്കമാലിയില്‍ 1,49,39,825 രൂപയും മേപ്പാടിയില്‍ 82,03,485 രൂപയും പന്തളത്ത് 59,63,620 രൂപയും കണ്ണൂരില്‍ 61,60,979 രൂപയും വിറ്റുവരവാണ് നേടിയത്. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്.
കോട്ടയം (കുറവിലങ്ങാട്), കോഴിക്കോട് (കൊയിലാണ്ടി), കാസര്‍കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും പ്രീമിയം റെസ്റ്ററന്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും വൈവിധ്യവുമുള്ള ഭക്ഷ്യവിഭവങ്ങളും സേവനങ്ങളുമാണ് ഈ റെസ്റ്റോറന്റുകള്‍ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. കാന്റീന്‍, കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് പ്രീമിയം കഫേ റെസ്‌റ്റോന്റുകളുടെ പ്രവര്‍ത്തനം. പാചകം, ഭക്ഷണ വിതരണം, ബില്ലിങ്ങ്, ക്‌ളീനിങ്ങ്, പാഴ്‌സല്‍ സര്‍വീസ് തുടങ്ങിയവയെല്ലാം വനിതകള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
സംരംഭങ്ങളുടെ ആധുനികവല്‍ക്കരണവും സംരംഭകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പു വരുത്തുകയുമാണ് സംസ്ഥാനത്തുടനീളം പ്രീമിയം കഫേ ശൃംഖല രൂപീകരിക്കുന്നതു വഴി ലക്ഷ്യമിടുന്നത്. നിലവില്‍ ഇരുനൂറിലേറെ വനിതകള്‍ക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ പദ്ധതി സഹായകമാകുന്നുണ്ട്. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, പാഴ്‌സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിത്വം, മികച്ച മാലിന്യസംസ്‌ക്കരണ ഉപാധികള്‍ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങള്‍ എല്ലാ പ്രീമിയം കഫേയിലുമുണ്ട്. സംരംഭകര്‍ക്ക് കൂടുതല്‍ പ്രൊഫഷണലിസം കൈവരിക്കാനും പദ്ധതി സഹായകമാകുന്നുണ്ട്.