അനധികൃത നിർമാണം; ഒഴിപ്പിക്കൽ നടപടി ഉണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥ ഒത്താശയോടെ കുരിശ് പണിത് റിസോർട്ട് ഉടമ

 

സർക്കാർ ഭൂമിയിൽ അനധികൃതമായി നിര്‍മിക്കുന്ന റിസോർട്ട് പൊളിക്കാതിരിക്കാൻ സ്ഥലത്ത് കുരിശ് പണിത് ഉടമ. ഇടുക്കി പരുന്തുംപാറയിലാണ് സംഭവം. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് കുരിശിന്റെ പണി പൂര്‍ത്തിയാക്കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത നിര്‍മാണം നടത്തിയതെന്നാണ് റിപ്പോർട്ട്.

 

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മാണം വാര്‍ത്തയാക്കാന്‍ മാധ്യമ സംഘം ഫെബ്രുവരി 28 ന് സംഭവ സ്ഥലത്ത് പോയിരുന്നു. എന്നാൽ അന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ പ്രദേശത്ത് കുരിശ് ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനധികൃത നിര്‍മാണത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെ മാര്‍ച്ച് രണ്ടിന് ഇടുക്കി ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ഉത്തരവിട്ടു. അപ്പോഴും ഇല്ലാതിരുന്ന കുരിശ് പിന്നീട് നിർമിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫാണ് അനധികൃത നിർമാണം നടത്തിയത്. കൈയേറ്റമൊഴിപ്പിക്കല്‍ തടയാനാണ് കുരിശ് പണിതത്. സ്റ്റോപ്പ് മെമ്മോ നല്‍കി റിസോര്‍ട്ടിന്റെ പണികള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം ലഭിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലത്ത് നടന്ന കുരിശിന്റെ ഉള്‍പ്പെടെയുള്ള നിർമാണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

 

മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. കൈയേറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഇടയിലും റവന്യൂ ഉദ്യോഗസ്ഥരുമായി സജിത്ത് ജോസഫ് നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

2017ൽ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലും ഇത്തരത്തിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു. പരുന്തുംപാറയിൽ ജില്ലാ കളക്ടർ നിലപാട് ശക്തമാക്കിയതോടെ ഉദ്യോഗസ്ഥർ അവധി ദിവസവും പരിശോധനക്കെത്തുന്നുണ്ട്.