ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം..ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്‌ത്‌ മേയർ….

 

 

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടിയുമായി സർക്കാർ. തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടഞ്ഞില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെയാണ് സസ്‌പെൻഡ് ചെയ്തത്.തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോ​ഗസ്ഥൻ മനപൂർവമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍.തോടിന്റെ തമ്പാനൂർ കൂടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതല ഗണേശനായിരുന്നു നൽകിയിരുന്നത്.

കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ​ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു​. തോട് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവെയും പരസ്പരം പഴിചാരിയിരുന്നു. തുടർന്ന് തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ കോർപ്പറേഷൻ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മാലിന്യം സംസ്കരണത്തിന് സ്ഥാപനങ്ങൾ എന്തെല്ലാം നടപടിയാണ് സ്വീകരിക്കുന്നതടക്കമുള്ളത് അറിയിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കോർപ്പറേഷൻ നിർദേശം നൽകിയിരുന്നു.എന്നാൽ ന​ഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനം ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടും ഉദ്യോ​ഗസ്ഥൻ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.