ആമ്പല്ലൂർ പഞ്ചായത്ത് ബഡ്ജറ്റ് 2026 -27

  ആമ്പല്ലൂരിന്റെ ലക്ഷ്യം ബാല സൗഹൃദ പഞ്ചായത്ത്

ആമ്പല്ലൂർ പഞ്ചായത്തിന്റെ 2026- 27 വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ അവതരിപ്പിച്ചു. 31,87,81,369 /-രൂപ വരവും 24,43,15,860 /-രൂപ ചെലവും 7,44,65,509/- രൂപയുടെ മിച്ചവും കാണിക്കുന്ന ബഡ്ജറ്റാണ് പ്രസിഡന്റ് കെ. ജി രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗം മുൻപാകെ അവതരിപ്പിച്ചത്. പഞ്ചായത്തിന്റെ വിവിധ മേഖലകളുടെ വികസന ലക്ഷ്യങ്ങൾ ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തവർഷം പഞ്ചായത്ത് ഏറ്റവും പ്രാധാന്യത്തോടെ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയാണ് ബാലസൗഹൃദ പഞ്ചായത്ത്. ഇതിനായി വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. മില്ലുങ്കൽ ജംഗ്ഷനിലെ കുട്ടികളുടെ പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും കൂടുതൽ കളി ഉപകരണങ്ങൾ ലഭ്യമാക്കിയും സ്ത്രീകൾക്കും കുട്ടികൾക്കും മഴയും വെയിലും കൊള്ളാതെ ഇരിക്കുന്നതിനുള്ള ജെൻഡർ കോർണർ സ്ഥാപിച്ചും പാർക്ക് നവീകരിച്ച് ആകർഷകമാക്കും. പാർക്കിൽ വൈദ്യുതി സംവിധാനം പൂർണമായും സൗരോർജ്ജമാക്കും. എല്ലാ വാർഡുകളിലും ജനകീയ സഹകരണത്തോടെ കളിക്കളങ്ങൾക്ക് സ്ഥലം കണ്ടെത്തി കുട്ടികൾക്കും യുവജനങ്ങൾക്കും കായിക രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. പഞ്ചായത്തിന്റെ കളിക്കളം മൾട്ടി സ്പോർട്സ് കോംപ്ലക്സ് ആയും ഗാലറികൾ സ്ഥാപിച്ചും നവീകരണത്തിനുള്ള പദ്ധതികൾ സർക്കാർ സഹായത്തോടെ ആരംഭിക്കും. കുടുംബശ്രീയുടെ സഹായത്തോടെ എല്ലാ വാർഡിലും ബാലസഭാ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. ഇക്കോസെൻസ് സ്കോളർഷിപ്പ് നടപ്പാക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് സഹായം നൽകും. യുപി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ഷീപാഡ് പദ്ധതി നടപ്പിലാക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിജ്ഞാന സദസ്സ് നടത്തുന്നതാണ്. വിദ്യാർഥികളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ലാപ്ടോപ്പ് വിതരണം, സ്കോളർഷിപ്പ്, ഫർണിച്ചർ വിതരണം എന്നിവ പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം പരിഗണന നൽകി നടപ്പിലാക്കും. ഭിന്നശേഷിക്കാർക്കുള്ള ബഡ്സ് സെന്ററിന്റെ പ്രവർത്തനത്തിനും സ് കോളർഷിപ്പിനും മെഡിക്കൽ ക്യാമ്പിനും തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതാണ്. മാലിന്യ സംസ്കരണ രീതികൾ പരിചയപ്പെടുത്തുന്ന ശുചിത്വത്സവം സ്കൂളുകളിൽ നടത്തു ന്നതാണ്. അങ്കണവാടികളിൽ ശിശു സൗഹൃദ ഫർണിച്ചറുകൾ ലഭ്യമാക്കുന്നതാണ്. സെൻട്രൽ ഫിനാൻസ് കമ്മീഷൻ ഗ്രാന്റ് വകയിരുത്തിയിട്ടുള്ള പദ്ധതികളിൽ ആമ്പല്ലൂർ പഞ്ചായത്തിന്റെ ബഡ്ജറ്റ് വർഷത്തെ കേന്ദ്ര ആശയം(Central theme) ബാലസൗഹൃദ പഞ്ചായത്ത് ആണ്.

 

ഉൽപാദന മേഖലയിൽ മുഴുവൻ കർഷകരെയും സഹായിക്കുക, മുഴുവൻ കൃഷി ഭൂമിയും കൃഷിയോഗ്യമാക്കുക എന്നതാണ് ലക്ഷ്യം. പാൽ, മുട്ട എന്നിവയുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് എബിസി പദ്ധതി പ്രയോജനപ്പെടുത്തും. കുടിവെള്ള പദ്ധതികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയും ഉണ്ട്. വിജ്ഞാന കേരളം പദ്ധതി പ്രവർത്തനങ്ങൾ, ഡിജിറ്റൽ കേരളം പദ്ധതി എന്നിവ കാര്യക്ഷമമായി നടപ്പാക്കും. അതി ദരിദ്രരെ സംരക്ഷിക്കുന്നതിന് പദ്ധതിയുണ്ട്. ആരോഗ്യരംഗത്ത് സാന്ത്വന പരിചരണത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും മുൻഗണന നൽകിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗജന്യ മരുന്ന് വിതരണത്തിനും ശ്രുതി തരംഗം പദ്ധതിക്കും തുക വക ഇരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയിൽ ഇനിയും അവശേഷിക്കുന്ന മുഴുവൻ ഗുണഭോക്താക്കൾക്കും ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും തുക വക ഇരുത്തിയിട്ടുണ്ട്. ജൻഡർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിക്കൊണ്ട് കുടുംബശ്രീയുടെ സഹകരണത്തോടെ വനിതകൾക്ക് മാത്രം ഗുണം ചെയ്യുന്ന വിവിധ പദ്ധതികൾക്ക് തുക വ കയിരുത്തിയിട്ടുണ്ട്.

 

മാലിന്യ സംസ്കരണ രംഗത്ത് സമ്പൂർണ്ണ ജൈവമാലിന്യ സംസ്കരണ പഞ്ചായത്തായി മാറുക കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് പഞ്ചായത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ബഡ്ജറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്. പൊതു ജൈവ മാലിന്യങ്ങൾ സംഭരിച്ച് സംസ്കരിച്ച് ജൈവവളമാക്കി മാറ്റി വില്പന നടത്തുന്ന പദ്ധതിയും ബഡ്ജറ്റിൽ ഉണ്ട്. മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിനും ടൂറിസം സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പ്രാദേശിക സാമ്പത്തിക വികസനം ത്വരിത പ്പെടുത്തുന്നതിനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. റോഡുകളുടെ നവീകരണത്തിനും തെരുവ് വിളക്കുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. എല്ലാ ഘടകസ്ഥാപനങ്ങളേയും സൗരോർജത്തിലേക്ക് മാറ്റുന്നതിനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട് വികസന തുടർച്ച ഉറപ്പാക്കിക്കൊണ്ട് പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തവും റസിഡൻസ് അസോസിയേഷനുകൾ ക്ലബ്ബുകൾ സന്നദ്ധ സംഘടനകൾ സാമൂഹ്യ സാംസ്കാരിക സംഘടനകൾ മുതലായവരുടെ എല്ലാം സഹകരണം ഉറപ്പുവരുത്തിക്കൊണ്ട് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ബജറ്റ് ലക്ഷ്യമി ടുന്നത്. ബഡ്ജറ്റ് യോഗത്തിൽ പങ്കെടുത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ബ്ലോക്ക് മെമ്പർമാരായ സി.ആർ ദിലീപ് കുമാർ,ബിനു പുത്തേത്തു മ്യാലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.