വെച്ചൂർ :കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച്, ബൈക്ക് ഓടിച്ചിരുന്ന നാടൻപാട്ട് കലാകാരന് ദാരുണാന്ത്യം. വൈക്കം കുടവെച്ചൂർ പുന്നത്തറ വീട്ടിൽ സാബുവിന്റെ മകൻ പി.എസ്.സുധീഷാണ്(29) മരിച്ചത് ഞായറാഴ്ച വൈകീട്ട് 4.30-ന് വെച്ചൂർ-തണ്ണീർമുക്കം റോഡിൽ ചേരകുളങ്ങര ബസ്സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. ചേർത്തലയിൽനിന്ന് കോട്ടയത്തേക്കുവന്ന കെഎസ്ആർടിസി ബസ്, എതിരേവന്ന ബൈക്കിൽ ഇടിച്ചശേഷം മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. സുധീഷും ബൈക്കും ബസിന്റെ അടിയിൽപ്പെട്ടു. സുധീഷിനെയുംകൊണ്ട് ബസ് 25 മീറ്ററോളം തെന്നിനീങ്ങിയെന്ന് പോലീസ് പറഞ്ഞു. വൈക്കത്തുനിെന്നത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്, ബസിന്റെ അടിയിൽ കുടുങ്ങിയ സുധീഷിനെ പുറത്തെടുത്തത്. വൈക്കം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.