.
എറണാകുളം ജില്ലാ റെസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ(എഡ്രാക്) ആമ്പല്ലൂർ മേഖല വാർഷിക പൊതു യോഗം മാലിന്യമുക്ത നവകേരളം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ആമ്പല്ലൂർ പഞ്ചായത്തിനെയും ഹരിത കർമ്മ സേന കൺസോർഷ്യത്തെയും ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് രമേഷ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ എ മുകുന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി ടി ആർ ഗോവിന്ദൻ വാർഷിക റിപ്പോർട്ടും ട്രഷറർ സി ആർ റെജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖല ജോയിന്റ് സെക്രട്ടറി മുരുകദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ് സ്വാഗതം പറഞ്ഞു. ആദരവ് പത്രിക ജില്ലാ കമ്മിറ്റി അംഗം പി ജനാർദ്ദനൻ പിള്ള വായിച്ചു. എഡ്രാക്കിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന പ്രവർത്തനങ്ങളിൽ കാലാവസ്ഥ വ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കൽ, ബദൽ ഉൽപന്ന നിർമ്മാണം, സ്ത്രീശക്തികരണം, കൃഷി മുതലായ വിഷയങ്ങളിൽ തിരുവനന്തപുരം സുസ്ഥിര ഫൗണ്ടേഷന്റെ സഹകരണം സീനിയർ പ്രോഗ്രാം ഓഫീസർ ആഗ്നസ് മറിയ യോഗത്തിൽ വാഗ്ദാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം ബഷീർ, ഹരിതകർമ്മ സേന കൺസോർഷ്യം മുൻ സെക്രട്ടറി സിന്ധു ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു. ചർച്ചകളിൽ എല്ലാ അസോസിയേഷന്റെയും പ്രതിനിധികൾ പങ്കെടുത്തു. പഞ്ചായത്തിലെ 16 വാർഡുകളിലായി 26 അസോസിയേഷനുകൾ സജീവമായി പ്രവർത്തിക്കുന്നു. ആമ്പല്ലൂർ പഞ്ചായത്തിനെ കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ സമിതിയിൽ ഉൾപ്പെടുത്തണമെന്ന പ്രമേയം പൊതുയോഗം അംഗീകരിച്ചു. ലഹരിക്കതിരായി സർക്കാരും പഞ്ചായത്തും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ സഹകരണവും പിന്തുണയും നൽകിക്കൊണ്ട് തനതായ പ്രവർത്തനങ്ങൾ അസോസിയേഷനുകൾ ഏറ്റെടുക്കാമെന്നും തീരുമാനിച്ചു. തെരുവ് നായകളുടെ ശല്യം വർദ്ധിച്ചു വരുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ബദൽ ഉൽപന്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനു വിശദമായ ഒരു ശിൽപ്പശാല നടത്തുന്നതിനും തീരുമാനിച്ചു. കാലാവസ്ഥാവ്യതിയാനവും സ്ത്രീ ശാക്തീകരണവും സംബന്ധിച്ച് ശില്പശാലകൾ നടത്തുന്നതിനും സ്ത്രീകളെ പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനും തീരുമാനിച്ചു. എല്ലാ റസിഡൻസ് അസോസിയേഷനുകളിലും കുട്ടികളുടെയും യുവജനങ്ങളുടെയും കൂട്ടായ്മയ രൂപീകരിക്കുന്നതിനും വനിതാവേദികൾ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് മേഖലാ പ്രസിഡന്റും സെക്രട്ടറിയും വിശദീകരണം നൽകി. മേഖല കുടുംബ സംഗമവും ഓണാഘോഷവും ആഗസ്റ്റ് 31ന് ആമ്പല്ലൂരിൽ നടത്തുന്നതിന് തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് പി ഡി മുരളീധരൻ നന്ദി പറഞ്ഞു.