ഓൺലൈനിൽ വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തി കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ യുവതി പിടിയിൽ‌

ഓൺലൈനിൽ വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ‌. സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞാണ് വിവിധ ജില്ലകളിലായി പത്തുപേരെ വിവാഹം കഴിച്ച് യുവതി മുങ്ങിയത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മയാണ് വിവാഹത്തിന് തൊട്ടുമുമ്പ് കുടുങ്ങിയത്.

 

പറ്റിച്ചത് 10 പേരെ; 11-ാം വിവാഹത്തിന് പന്തലിലേക്ക് പോകവേ രേഷ്‌മയെ പൊക്കി പൊലീസ്

 

സിനിമാക്കഥയെ വെല്ലുന്ന കഥ മെനഞ്ഞും ഓൺലൈനിൽ വിവാഹ പരസ്യം നൽകിയും പത്തുപേരെ വിവാഹം കഴിച്ച യുവതിയെ നാടകീയമായി പിടികൂടി പൊലീസ്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ രേഷ്മയാണ് കുടുങ്ങിയത്. രണ്ടുവയസുള്ള കുഞ്ഞും രേഷ്‌മയ്ക്കുണ്ട്. പതിനൊന്നാമത്തെ വിവാഹത്തിനായി വധുവായി അണിഞ്ഞൊരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് രേഷ്‌മയെ പൊക്കിയത്. പ്രതിശ്രുത വരനായ തിരുവനന്തപുരത്തുള്ള പഞ്ചായത്ത് അംഗവും ബന്ധുവും ചേർന്നാണ് രേഷ്‌മയെ പൊലീസിലേൽപ്പിച്ചത്.

 

“എന്നെ അമ്മ ദത്തെടുത്ത് വളർത്തിയതാ, കെട്ടിച്ചു വിടാൻ അവർക്ക് താൽപര്യം ഇല്ലാ”

 

 

ഒന്നരമാസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്തംഗവുമായുള്ള വിവാഹത്തിന് രേഷ്‌മ എത്തിയത്. ജൂലൈയിൽ തിരുവനന്തപുരം സ്വദേശിയുമായും രേഷ്‌മ വിവാഹം ഉറപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ നിന്നാണ് പഞ്ചായത്തംഗത്തിന്റെ ഫോണിലേക്ക് മേയ് 29ന് ആദ്യം വിളിയെത്തിയത്. രേഷ്‌മയുടെ അമ്മയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ സംസാരിച്ചു. പിന്നാലെ രേഷ്‌മയുടെ ഫോൺ നമ്പറും കൈമാറി. തുടർന്ന് രേഷ്മയും പഞ്ചായത്തംഗവും സംസാരിക്കുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ജൂൺ നാലിനാണ് ഇവർ കോട്ടയത്തെ പ്രമുഖ മാളിൽ വച്ച് നേരിൽ കണ്ടത്. ആറുമാസം കഴിഞ്ഞ് വിവാഹം നടത്താമെന്നായിരുന്നു ഇരുവരും ചേർന്ന് തീരുമാനിച്ചതും.

 

അമ്മ തന്നോട് ഭയങ്കര പോരാണെന്നും തന്നെ ദത്തെടുത്ത് വളർത്തിയതാണെന്നും വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതിൽ താൽപര്യമില്ലെന്നും രേഷ്‌മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. രേഷ്‌മയുടെ കഥ കേട്ട് മനസലിഞ്ഞ യുവാവ് ആറുമാസം വരെ കാത്തിരിക്കേണ്ടെന്നും ഉടൻ തന്നെ വിവാഹം നടത്താമെന്നും പറഞ്ഞ് തിരുവനന്തപുരത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രേഷ്മ വ്യാഴാഴ്‌ച തിരുവനന്തപുരം വെമ്പായത്തുള്ള യുവാവിന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. ഇവിടെ വച്ച് രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പ്രതിശ്രുത വരൻ ബന്ധുവിനോട് വിവരം പറഞ്ഞു. വിവാഹത്തിനായി ഒരുങ്ങുന്നതിനായി രേഷ്‌മ ബ്യൂട്ടി പാർലറിലേക്ക് കയറിയതും ബന്ധുവും യുവാവും ചേർന്ന് ബാഗ് പരിശോധിച്ചു. ഇതോടെയാണ് മുൻപ് വിവാഹിതയായതിന്റെ രേഖകൾ കണ്ടെടുത്തത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു.