ഒപ്പമുണ്ട് ഞങ്ങൾ

 ബഹുജന ആരോഗ്യ വിദ്യാഭ്യാസ പരിപാടി.

 

 

 

ആർത്തവം, ആർത്തവകാല ശുചിത്വം, ആർത്തവവിരാമം എന്നീ കാര്യങ്ങളെ ശാസ്ത്രീയമായി വിശദീകരിക്കുന്നതിനും,ശാസ്ത്രീയമായ പൊതുബോധം സമൂഹത്തിൽ കൊണ്ടുവരുന്നതിനും, നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കുന്നതിനും വേണ്ടി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്റർ ഒരു ബഹുജന വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിച്ചു. 100 വീട്ടുമുറ്റ സദസ്സുകൾ, എല്ലാ കുടുംബങ്ങൾക്കും ലഘുലേഖ വിതരണം, വീഡിയോ പ്രദർശനങ്ങൾ, സംശയനിവാരണ സെഷനുകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ബോധവൽക്കരണ പരിപാടിയാണ് പഞ്ചായത്ത് ഉദ്ദേശിച്ചിട്ടുള്ളത്. കുടുംബശ്രീ,ഐസിഡി എസ് അംഗനവാടികൾ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ, വിദ്യാലയങ്ങൾ, അധ്യാപക രക്ഷാകർത്ര സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ,കലാലയങ്ങൾ തൊഴിലിടങ്ങൾ, വായനശാലകൾ എന്നിവയിൽ എല്ലാം വിപുലമായ ബോധവൽക്കരണ ക്ലാസ്സുകളാണ് സംഘടിപ്പിക്കുന്നത്. ഒപ്പമുണ്ട് ഞങ്ങൾ എന്നതാണ് ഈ ക്യാമ്പയിനമ്പർ നൽകിയിരിക്കുന്ന ശീർഷകം. ആർത്തവകാല ആരോഗ്യം സാമൂഹിക ഉത്തരവാദിത്തം എന്ന വസ്തുതയ്ക്ക് പ്രചാരം നൽകുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ആർത്തവകാല ആരോഗ്യ മാനേജ്മെന്റും, ആർത്തവ മാലിന്യങ്ങളുടെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വ്യാപിപ്പിക്കുന്നതിനും മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. ഈ പരിപാടിയുടെ അക്കാദമിക നേതൃത്വം തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ഗൈനക്കോളജി വിഭാഗത്തിനാണ്. ശതാബ്ദി ആഘോഷിക്കാൻ തയ്യാറെടുത്തിരിക്കുന്ന തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആണ് 100 ആരോഗ്യ ക്ലാസുകൾക്കും നേതൃത്വം നൽകുന്നത്. ഈ ബഹുജന വിദ്യാഭ്യാസ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബഹു. പിറവം എംഎൽഎ അഡ്വക്കേറ്റ് ശ്രീ. അനൂപ് ജേക്കബ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ സ്വാഗതം പറഞ്ഞു. ലഘുലേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം കെ. വി അനിത നിർവഹിച്ചു. മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിന്ധു സി ഈ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രയോജനത്തെ കുറിച്ചും സംസാരിച്ചു. സി ഡബ്ല്യൂ. എഫ് സവിത സാജു പദ്ധതിയുടെ റിപ്പോർട്ട് അവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമ രമേശ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. എം ബഷീർ, ബിനു പുത്തേത്തുമ്യാലിൽ, ജലജ മണിയപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ജലജ മോഹനൻ, മെമ്പർമാരായ ബീന മുകുന്ദൻ, എ.എൻ ശശികുമാർ, ഫാരിസാ മുജീബ്, സുനിത സണ്ണി, ജെസ്സി ജോയ്, ജയന്തി റാവു രാജ്, രാജൻ പാണാറ്റിൽ, അസീന ഷാമൽ, സി. ഡി.എസ് ചെയർപേഴ്സൺ കർണകി രാഘവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ, കിലാ ഫാക്കൽറ്റി കെ.എ മുകുന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന ക്ലാസ്സിനു ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ ഷാഹിന മോൾ എസ്, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ രജിത ആർ വാര്യർ, അസിസ്റ്റന്റ് പ്രൊഫസർ ദിവ്യ എം.ഡി, ഡോക്ടർ മേരി ബ്ലോസം സി.ജെ എന്നിവർ സംശയ നിവാരണം നടത്തി. ഗൈനക്കോളജി വിഭാഗം പി ജി വിദ്യാർത്ഥികൾ ക്ലാസിന്റെ പവർ പോയിന്റ് അവതരണം നടത്തി. ചടങ്ങിന് ഐ. സി. ഡി. എസ് സൂപ്പർവൈസർ ഡോക്ടർ പൂർണിമ കെ ദാസ് നന്ദി പറഞ്ഞു. കാഞ്ഞിരമറ്റം കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത്. പഞ്ചായത്തിലെ കീച്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം ആരോഗ്യ ഉദ്യോഗസ്ഥർ പങ്കെടുത്തു. പഞ്ചായത്തിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം, ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.