കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ അറസ്റ്റിൽ; ലഹരി എത്തിച്ചത് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമെന്ന് മൊഴി

പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാമ്പസില്‍ ലഹരി എത്തിച്ചതെന്നാണ് അറസ്റ്റിലായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മൊഴി.

 

കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാമ്പസില്‍ ലഹരി എത്തിച്ചതെന്നാണ് ഇരുവരുടെയും മൊഴി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

 

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ വന്‍തോതില്‍ ലഹരി എത്തുമെന്ന സൂചനയുമായി പ്രിൻസിപ്പാൾ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയെതെന്ന വിവരവും ഇന്ന് പുറത്തു വന്നു. പ്രിൻസിപ്പാൾ പൊലീസിന് നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ഈആവശ്യത്തിനായി പണപ്പിരിപ് നടത്തുന്നതായി ശ്രദ്ധയിപ്പെട്ടുവെന്നുമാണ് പ്രിൻസിപ്പാൾ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു.

 

കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ആദിത്യനെയും അഭിരാജിനെയും ഇന്നലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ആകാശ് റിമാന്‍റിലാണ്.