*കടുത്ത അനാസ്ഥ; കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നുവയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലം; പരാതിയുമായി മാതാപിതാക്കൾ*

 

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് വയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. കട്ടപ്പന കളിയിക്കൽ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകൾ ഏകഅപർണിക രാവിലെയാണ് മരിച്ചത്.

കഠിനമായ വയറുവേദനയെ തുടർന്ന് ഒരാഴ്ച മുൻപ് കുഞ്ഞ് മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അന്ന് പ്രാഥമിക ചികിത്സ നൽകി മടക്കി അയക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ച മരുന്നുകഴിച്ചിട്ടും കുഞ്ഞിന്റെ നില മെച്ചപ്പെട്ടില്ല. തുടർന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ടോടെ കുഞ്ഞിന്റെ സ്ഥിതി വഷളായതോടെ വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചു.

 

ഡോക്ടർമാർ പരിശോധിച്ചതല്ലാതെ വേണ്ട ചികിത്സയോ മരുന്നോ കുഞ്ഞിന് നൽകിയില്ലെന്ന് മാതാപിതാക്കൾ പറയുന്നു. വൈകുന്നേരം ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് രാത്രി ഒരുമണിക്കാണ് ഡ്രിപ്പ് ഇട്ടത്. രാവിലെ 7 മണിയായിട്ടും ഈ ഡ്രിപ്പിൽ പകുതിയോളം മരുന്ന് അവശേഷിച്ചിരുന്നു. ഇക്കാര്യം നിരവധി തവണ നഴ്‌സിങ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കായില്ല.

രാവിലെ കുഞ്ഞിന്റെ സ്ഥിതി അതീവ ​ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ ​കുഞ്ഞിന് ഭക്ഷ്യവിഷബാധയായിരുന്നു എന്നും ഇക്കാര്യം ആശുപത്രി അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കട്ടപ്പന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.