പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപുർ വ്യോമതാവളം. വ്യോമസേന അ​ഗംങ്ങളെ മോദി നേരിട്ടെത്തി അഭിനന്ദിച്ചു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.

 

ഇന്ന് രാവിലെ, ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,” പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്യുകയും സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

 

കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ആരംഭിച്ച വിജയകരമായ “ഓപ്പറേഷൻ സിന്ദൂർ” നെ തുടർന്ന് രാജ്യത്തിന്റെ സൈന്യത്തെ പ്രശംസിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി വ്യോമസേനാ സ്റ്റേഷനിലേക്കുള്ള സന്ദർശനം. അതേസമയം ഷോപ്പിയാനിൽ‌ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടരുകയാണ്. നാല് ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.