.
ആരക്കുന്നം -ആമ്പല്ലൂർ കെഎസ്ടിപി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ടാറിങ് നടത്തി അടച്ച പിഡബ്ല്യുഡി റോഡിന് അടിയിലൂടെയുള്ള കാന ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് കെഎസ്ടിപി അധികൃതർ തുറന്നു. ആമ്പല്ലൂർ നാലും കൂടിയ കവല മാന്തുരുത്തേൽ പള്ളി റോഡിൽ നിർമ്മിച്ചിരുന്ന കാന പിഡബ്ല്യുഡി കൽവേർട്ടിലേക്കാണ് ബന്ധിപ്പിച്ചിരുന്നത്. ഒരു കിലോമീറ്റർ ഓളം ദൂരെ നിന്നും വിവിധ ഇടറോഡുകളിൽ നിന്നും ഒഴുകിവരുന്ന വെള്ളം ഈ റോഡിലെ കാനയിലൂടെ ഒഴുകി പിഡബ്ല്യുഡി റോഡിന് അടിയിലുള്ള കാനയിലൂടെ കിഴക്കുഭാഗത്തെ പാടശേഖരങ്ങളിലേക്കും തോടുകളിലേക്കും ആണ് പോയിരുന്നത്. ഈ കാന അടച്ചതിലൂടെ ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ വെള്ളം ഒഴുകിപ്പോകാൻ നിവൃത്തിയില്ലാതെ വെള്ളക്കെട്ട് ഉണ്ടാവുകയും ആമ്പല്ലൂർ- മാന്തുരുത്തേൽ പള്ളി റോഡ് വെള്ളത്തിനടിയിൽ ആവുകയും പരിസരത്തെ കടകളും പുരയിടങ്ങളും ഓട്ടോ സ്റ്റാൻഡും മറ്റും വെള്ളം കയറി ദുരിതത്തിൽ ആവുകയും ചെയ്തിരുന്നു. 2024 ഫെബ്രുവരി മാസത്തിൽ കാന അടച്ച് ടാറിങ് നടത്തിയപ്പോൾ തന്നെ ഇക്കാര്യം കെ എസ് ടി പി അധികൃതരുടെ ശ്രദ്ധയിൽ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയും മറ്റും പെടുത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല. വെള്ളക്കെട്ട് രൂക്ഷമായതോടെ വാർഡ് മെമ്പർ ബീനാമുകുന്ദനും പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസും സിപിഐഎം ഏരിയ കമ്മിറ്റിയംഗം ടി കെ മോഹനനും പ്രദേശത്തെ സുരഭി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പ്രശ്നത്തിൽ ഇടപെടുകയും ബന്ധപ്പെട്ട കെ എസ് ടി പി ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അടിയന്തിരമായി വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം സമരപരിപാടികളുമായി ഉടൻ രംഗത്തിറങ്ങും എന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ഓൺലൈൻ ചാനലുകളും പത്ര മാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായി.ഇത്തരം സമ്മർദ്ദങ്ങൾക്കൊ ടുവിലാണ് ഇന്ന് കാന തുറക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചത്.ഈ പ്രദേശത്തെ മഴവെള്ളം ഒഴുകിപ്പോകുന്നതിന് വ്യക്തമായ ഒരു പദ്ധതിയും നടപടികളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.ജല മാനേജ്മെന്റ് കാര്യത്തിൽ യാതൊരു ആസൂത്രണവും ബൃഹത്തായ ഈ റോഡ് നിർമാണ ചുമതലയും ആസൂത്രണവും നിർവഹിക്കുന്ന കെ എസ് ടി പി അധികൃതർക്കില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് ഈ പ്രവർത്തി.