കീച്ചേരി ആശുപത്രിയിൽ കിടത്തി ചികിത്സ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ആയിരങ്ങളുടെ മഹാസംഗമം നടത്തി.

______________________________________

ആമ്പല്ലൂർ :കീച്ചേരി ആശുപത്രിയിൽ കിടത്തി ചികിത്സ പുനസ്ഥാപിക്കുക,24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, ജീവൻ രക്ഷാ ഔഷധങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കുക, ഉടൻ സായാഹ്ന ഒ.പി. ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചാലക്കപ്പാറയിൽ ആയിരങ്ങൾ പങ്കെടുത്ത മഹാസംഗമം നടത്തി. സംഗമം മുൻ എം.പി. ഡോ. കെ.എസ് മനോജ് ഉദ്ഘാടനം ചെയ്തു.

 

“നമ്മുടെ ആരോഗ്യമേഖലയുടെ നട്ടെല്ല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്. അത് സംരക്ഷിച്ചുനിർത്തേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. വിവിധങ്ങളായ ഫണ്ടുകൾ ഉപയോഗി ച്ച് വലിയ കെട്ടിട സമുച്ചയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവിടെയൊന്നും ആവശ്യത്തിന് ജീവനക്കാരോ മറ്റ് അടിസ്ഥാന സംവിധാനങ്ങളോ ഇല്ല. കേരളം ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. രോഗ ചികിത്സ പൗരൻ്റെ അവകാശമാണ്. അതിൻ്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. അവകാശബോധത്തോടെ ജനങ്ങൾ സമരം ചെയ്യണം കക്ഷി-രാഷ്ട്രീയ, ജാതി -മത ഭേദമന്യേയുള്ള സമരമാണ് വളർന്നുവരേണ്ടത്. ഇവിടെ നടക്കുന്ന സമരം മാതൃകാപരമാണ് ” അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ സ്റ്റഡീസിലെ മുൻ ഡീൻ പ്രൊഫ. (ഡോ:) എം.പി. മത്തായി മുഖ്യ പ്രസംഗം നടത്തി. ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ പി.ജെ. ജോർജ് അധ്യക്ഷതവഹിച്ചു. ഫാ. റോയി പോൾ, ഇമാം സുബൈർ ബാഖവി കല്ലൂർ, എം.എം രമേശൻ, വിവിധ രാഷ്ടീയ പാർട്ടികളെ പ്രതിനിധീകരിച്ച പ്രദീപ്കുമാർ, കെ. ഒ.ഷാൻ , ഷെമീർ. എൻ. എസ്., കെ.ഇ നിസ്സാർ, ആശുപത്രി സംരക്ഷണ സമിതി രക്ഷാധികാരികളായ ടി.കെ. ബിജു. ഖാലിദ് മാസ്റ്റർ, വൈസ് ചെയർമാൻമാരായ സലാം കാടാപുറം, കെ.എൻ.രാജി., കൺവീനർ കെ.ഒ. സുധീർ,ജോ.കൺവീനർമാരായ നിജാഫ് പി.എസ്, സജി കരുണാകരൻ, കെബീർ കോട്ടയിൽ, സിബി. കെ.എ എന്നിവർ പ്രസംഗിച്ചു.