കുഞ്ഞുമനസ്സിലെ വലിയ സത്യം!

സത്യസന്ധതയുടെ തിളക്കവുമായി LPS അരയൻകാവിലെ വിദ്യാർത്ഥി

അരയൻകാവ് (എറണാകുളം): റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ട് പവനോളം വരുന്ന സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായിരിക്കുകയാണ് അരയൻകാവ് എൽ.പി.എസ്. വിദ്യാർത്ഥിയായ ഫിദൽ വി. ജിതിൻ. മാതൃകപരമായ ഈ പ്രവൃത്തിയിലൂടെ സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.

സ്കൂൾ വിട്ട് അമ്മയുടെ കൈപിടിച്ച് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സ്കൂൾ കോമ്പൗണ്ടിന് പുറത്ത് റോഡരികിൽനിന്ന് ഫിദലിന് മാല ലഭിച്ചത്.

മാല കണ്ട ഉടൻതന്നെ മടിക്കാതെ ഈ വിദ്യാർത്ഥി വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും മാല ഏൽപ്പിക്കുകയുമുണ്ടായി.

സ്കൂൾ അധികൃതർ ഉടൻതന്നെ അന്വേഷണങ്ങൾ നടത്തിയെങ്കിലും ഉടമസ്ഥനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, മാല മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. അതേസമയം, മാല നഷ്ടപ്പെട്ട വിവരം സ്കൂൾ അധികൃതർ സോഷ്യൽ മീഡിയ വഴിയും മറ്റ് മാർഗ്ഗങ്ങളിലൂടെയും പ്രചരിപ്പിച്ചു.

ഓട്ടോ ഡ്രൈവറുടെ മാല തിരികെ കിട്ടി

വൈകുന്നേരം സ്കൂളിലെ വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകുവാൻ എത്തിയ ഓട്ടോ ഡ്രൈവറായ സാജൻ മേപ്ലാത്തിൻ്റേതാണ് കളഞ്ഞുപോയ മാല. സോഷ്യൽ മീഡിയ വഴി വിവരം അറിഞ്ഞ സാജൻ മെപ്ലാത്തിൽ മുളന്തുരുത്തി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മാല തിരികെ വാങ്ങുകയായിരുന്നു. വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ടുപോവുകയോ വീട്ടിലാക്കുകയോ ചെയ്യുന്നതിനിടയിലായിരിക്കാം മാല നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.

സിഐടിയു തൊഴിലാളിയായ ജിതിൻ്റെ മകനാണ് ഫിദൽ. കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വസ്തു ഉടമസ്ഥന് തിരികെ നൽകാൻ കാണിച്ച ആർജ്ജവവും സത്യസന്ധതയും നാടിന് മുഴുവൻ മാതൃകയാവുകയാണ്….