കൃഷിയിലും ശക്തമായി വനിതകൾ: ലോക വനിതാ ദിനത്തിൽ “മണ്ണിൻ്റെ മകൾ” പദ്ധതിക്ക് തുടക്കം

വനിതാ കർഷകരെ ശക്തിപ്പെടുത്തുകയും കാർഷിക രംഗത്ത് അവരുടെ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുകയും ചെയ്യുന്നതിനായി “മണ്ണിൻ്റെ മകൾ” പദ്ധതിക്ക് മഴുവന്നൂരിൽ ഉജ്ജ്വല തുടക്കം.

 

ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച വനിതാ കർഷക വർഷം 2026-നോടനുബന്ധിച്ച് കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റ്, മഴുവന്നൂർ ഗ്രാമ പഞ്ചായത്ത്, മഴുവന്നൂർ കൃഷി ഭവൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

 

മഴുവന്നൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി മോഹൻദാസ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ സുജിത് പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 120 വനിതാ കർഷകർ പരിപാടിയിൽ പങ്കെടുത്തത് പരിപാടിയുടെ പ്രത്യേകതയായി.

 

തുടർന്ന് നടന്ന യോഗത്തിൽ കിസ്സാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറിയും ബി.എസ്.എസ് സ്കിൽ ഡിവിഷൻ നാഷണൽ കോർഡിനേറ്ററും ആയ ശ്രീ സുരേഷ് എസ് മുഖ്യ പ്രഭാഷണം നടത്തി. കാർഷിക മേഖലയിലെ സ്ത്രീകളുടെ കഴിവുകൾ വികസിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കാൻ ഈ പദ്ധതി വലിയ അവസരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.വി. ജോയി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രതികല റെജി, വാർഡ് മെമ്പർ ശ്രീമതി ഷൈനി റെജി, കൃഷി ഭവൻ ഓഫീസർ ശിഹാബ് ബാബു, കിസ്സാൻ സർവീസ് സൊസൈറ്റി എറണാകുളം ജില്ലാ ട്രഷറർ കുര്യൻ വറുഗീസ്, യൂണിറ്റ് പ്രസിഡൻ്റ് എൽദോ ജോസഫ്, വനിതാ വിങ് ജില്ലാ വൈസ് പ്രസിഡൻ്റ് സീനായ് പോൾ, മഴുവന്നൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ നളിനി മോഹനൻ , KSS യൂണിറ്റിൽ നിന്നും ശ്രീ ബേബി പി.വി , ശ്രീ എൽദോ നാരിയേലിൽ എന്നിവർ ആശംസകൾ അറിയിച്ചു.

 

തുടർന്ന് കോട്ടുവള്ളി കൃഷി ഭവൻ ഓഫീസർ ബേസിൽ ചാക്കോച്ചൻ പച്ചക്കറി കൃഷി, അതിൽ ഉണ്ടാകുന്ന രോഗങ്ങൾ, അവയുടെ പ്രതിരോധ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക ക്ലാസ് നടത്തി. കർഷകർക്ക് ഏറെ ഉപകാരപ്രദമായ അറിവുകളാണ് ക്ലാസിലൂടെ പങ്കുവെച്ചത്.

 

ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന പരിപാടികൾക്ക് ഈ ചടങ്ങിലൂടെ തുടക്കമായി. വിവിധ മേഖലകളിലെ വിദഗ്ധ ഉദ്യോഗസ്ഥർ തുടർ ക്ലാസുകൾ നയിക്കും. കിസ്സാൻ സർവീസ് സൊസൈറ്റിയുടെ ഈ വർഷത്തെ തീം ആയ ട്രിപ്പിൾ ‘T’ — ടെക്നോളജി, ടൂറിസം, ട്രേഡ് അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളിലൂടെ വനിതകൾക്ക് മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യാനുള്ള കഴിവ് വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

ഇതിന്റെ ഭാഗമായി മികച്ച വനിതാ കർഷകരെ പഞ്ചായത്ത്, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ തെരഞ്ഞെടുത്ത് അവാർഡുകൾ നൽകി ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.

 

പഞ്ചായത്ത് സെക്രട്ടറി ശ്രീമതി അജിത കിരൺ സ്വാഗതവും വനിതാ കർഷക വർഷം 2026 എറണാകുളം ജില്ലാ വൈസ് കോഓർഡിനേറ്റർ ശ്രീമതി മേരി ഷീബ നന്ദിയും രേഖപ്പെടുത്തി.

 

വനിതാ കർഷകരെ ശക്തിപ്പെടുത്തി കാർഷിക രംഗത്ത് പുതിയ നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു വലിയ മുന്നേറ്റമായി “മണ്ണിൻ്റെ മകൾ” പദ്ധതി മാറുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 🌱👩‍🌾