കെഎസ്ആർടിസി പുനലൂർ ഡിപ്പോയിലെ ബസ് കടത്താൻ ശ്രമിച്ച യുവാവ്‌ പൊലീസ് പിടിയിലായി. ഉറുകുന്ന് ഒറ്റക്കൽ ആര്യ ഭവനിൽ ബിനീഷ്‌കുമാർ (23)ആണ് അറസ്റ്റിലായത്. പുനലൂർ കെഎസ്‌ആർടിസി സ്റ്റാൻഡിനു സമീപം പത്തനാപുരം റോഡിൽ രാത്രി നിർത്തിയിട്ടിരുന്ന ബസാണ് ലോറി ഡ്രൈവർ കൂടിയായ ബിനീഷ്‌കുമാർ വ്യാഴം രാത്രി 11.30ന് കടത്താൻ ശ്രമിച്ചത്.

ഹെഡ്‌ലൈറ്റ്‌ ഇടാതെപോയ ബസ്‌ സ്റ്റാൻഡിൽ നിന്ന്‌ ഒരു കിലോമീറ്റർ പിന്നിട്ട്‌ ടിബി ജങ്‌ഷനിൽ എത്തിയപ്പോൾ സംശയം തോന്നിയ ഹൈവേ പൊലീസ് തടഞ്ഞു. ബിനീഷ് ബസിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ്‌ പിടികൂടി. ഇയാളെ ചൊദ്യംചെയ്‌തപ്പോഴാണ് ബസ്‌ കടത്താനുള്ള ശ്രമമാണെന്ന്‌ അറിഞ്ഞത്. തുടർന്ന് പ്രതിയെ പുനലൂർ പൊലീസിന് കൈമാറി.

രാത്രി വീട്ടിലേക്ക് പോകുകയായിരുന്നു ലക്ഷ്യമെന്ന് ബിനീഷ് പൊലീസിനോട് പറഞ്ഞു. സംഭവസമയം ബിനീഷ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പുനലൂർ ഡിപ്പോയിൽനിന്ന് മാത്ര, കോക്കാട് വഴി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സർവീസ് നടത്തുന്ന ബസാണ് കടത്താൻ ശ്രമിച്ചത്.