കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം? രാസപരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

 

കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരി മരുന്ന് കലര്‍ന്നായി സംശയം. മണര്‍കാട് സ്വദേശിയായ കുട്ടിയ്ക്ക് മിഠായി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്. കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ നടത്തിയ പരിശോധനയില്‍ ലഹരിയുടെ അംഗം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. (four-year-old boy ate the chocolate with drugs in it)

 

കഴിഞ്ഞ മാസം 17നാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ വിട്ട് വന്ന കുട്ടി ദീര്‍ഘനേരം ഉറങ്ങുകയും തനിക്ക് ക്ഷീണമാണെന്ന് മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തനിക്ക് ഒരു ചോക്‌ളേറ്റ് കഴിച്ചപ്പോള്‍ മുതലാണ് ഉറക്കം വരാന്‍ തുടങ്ങിയതെന്ന് കുട്ടി തന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്. സ്‌കൂളില്‍ നിന്നാണ് മിഠായി കിട്ടിയതെന്ന് കുട്ടി പറഞ്ഞു. മേശപ്പുറത്തിരുന്ന് കിട്ടിയ മിഠായി താന്‍ കഴിച്ചതാണെന്നും കുട്ടി പറഞ്ഞു. ആരോ കഴിച്ചശേഷം പാതി ഒടിച്ച് വച്ച ചോക്‌ളേറ്റാണ് താനെടുത്തതെന്നും അത് കഴിച്ചപ്പോള്‍ മുതലാണ് ക്ഷീണം തുടങ്ങിയതെന്നും പറഞ്ഞു

 

കുട്ടികളെ അബാകസിന്റെ ക്ലാസിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയിരുന്നെന്നും അവിടെ നിന്നാണ് കുട്ടി മിഠായി എടുത്ത് കഴിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ചോക്‌ളേറ്റിന്റെ കവര്‍ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.