ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയായ 19കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ക്രൂരകുറ്റകൃത്യമെന്ന് പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ. സംഭവം കൊലപാതക ശ്രമം ആണോ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കും.കേസിൽ തലയോലപറമ്പ് സ്വദേശിയായ ആൺ സുഹൃത്ത് കസ്റ്റഡിയിലായിട്ടുണ്ടെന്നും ഡിവൈഎസ്പി വി ടി ഷാജൻ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 10.15 ഓടെയാണ് ആൺ സുഹൃത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. പെൺകുട്ടിയുമായി തർക്കിച്ചത്തിന് പിന്നാലെ യുവാവ് അതിരൂക്ഷമായി മർദ്ദിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത് പെൺകുട്ടി ഷാൾ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് യുവാവിന്റെ മൊഴി. ഷാൾ മുറിച്ചിട്ട ശേഷം താൻ രക്ഷപ്പെട്ടുവെന്നും ആൺ സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
പിടിയിലായ ആൺ സുഹൃത്ത് ലഹരി കേസിൽ അടക്കംപ്രതിയാണ്. ഇയാൾ വീട്ടിൽ വരുന്നതിൽ പെൺകുട്ടിയുടെ അമ്മ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രതിയുടെ അറസ്റ്റടക്കമുള്ള നടപടികൾ മൊഴി പരിശോധിച്ച ശേഷമായിരിക്കും ഉണ്ടാകുകയെന്ന് പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ വ്യക്തമാക്കി
അതേസമയം, തലച്ചോറിന് പരുക്കേറ്റ അതിജീവിത എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ വീട്ടിൽ എത്തുന്ന യുവാക്കൾ നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിൽ പരാതിയുണ്ട്. മകളുടെ ആൺസുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീട് മാറിയത്. എന്നെ ഉപദ്രവിക്കും എന്ന പേടിയുണ്ടായിരുന്നു. ഒരു മാസമായി മാറി താമസിക്കുകയാണ്. ബന്ധു വഴിയാണ് മകളുടെ വിവരം അറിയുന്നതെന്ന് അമ്മ പറഞ്ഞു. നേരത്തെ ഉണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ വീണ് മുറിവുണ്ടായതാണെന്ന് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാൻ മകളോട് പല തവണ പറഞ്ഞു. പല തവണ വിലക്കിയിട്ടും ആൺസുഹൃത്ത് വീട്ടിൽ എത്തിയെന്നും അമ്മ കൂട്ടിച്ചേർത്തു.