ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ വെന്റിലേറ്ററിലാണ് അതിജീവിത. തന്റെ എതിർപ്പ് മറികടന്ന് മകളുടെ അനൂപ് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് താൻ താമസം മാറിയതെന്നും അവർ പറഞ്ഞു. പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു. സമീപവാസികളെഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി കൊടുത്തിരുന്നു. അതേസമയം പെൺകുട്ടിയെ കണ്ടെത്തിയത് അതീവഗുരുതരാവസ്ഥയിലായിരുന്നു. കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.