ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വയോജനോത്സവം ‘വസന്തോത്സവം’ എന്ന പേരിൽ ആഘോഷിച്ചു

 

 

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വയോജനോത്സവം ‘വസന്തോത്സവം’ എന്ന പേരിൽ ആഘോഷിച്ചു.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവത്തിന്റെഭാഗമായാണ് മൂന്നാം ദിനം മുതിർന്ന പൗരന്മാരുടെ വസന്തോത്സവം നടന്നത്.ഒന്നാം ദിവസം പൂത്തുമ്പികൾ എന്ന പേരിൽ അങ്കണവാടി കലോത്സവവും രണ്ടാം ദിവസം ഉണർവ് എന്ന നാമകരണം ചെയ്ത ഭിന്നശേഷി കലോത്സവത്തിൻ്റെയും തുടർച്ചയിലാണ് വസന്തോത്സവം അരങ്ങേറിയത്.പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വിവിധ പേരുകളിൽ രൂപീകരിക്കപ്പെട്ട വയോക് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് വസന്തോത്സവത്തിൽ മുതിർന്ന പൗരന്മാർ പങ്കെടുത്തത്.എണ്ണൂറിലധികം വയോജനങ്ങൾ പങ്കെടുത്ത വസന്തോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് പുഷ്പപ്രദീപ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിജു കെ കെ,ലത ഭാസി,രജനി മനോഷ്,പഞ്ചായത്ത് മെമ്പർമാരായ പി വി പൗലോസ്,പ്രകാശൻ ശ്രീധരൻ,മിനി പ്രദീപ്,ലൈജു ജനകൻ ആസൂത്രണ സമിതി വൈസ് ചെയർമാൻ മാത്യു ചെറിയാൻ,വയോ സൗഹൃദ ചോറ്റാനിക്കര നിർവാഹക സമിതി കൺവീനർ ഒ.കെ രാജേന്ദ്രൻ,ജോയിൻ്റ് കൺവീനർ മുരുകൻ ഐസിഡി എസ് സൂപ്പർവൈസർ രജിത എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്തിലെ 85 വയസ്സിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ആദരിച്ചു. വയോ സൗഹൃദ ചോറ്റാനിക്കര പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു.ചോറ്റാനിക്കര ഹരിത ടൗണിൽ തയ്യാറാക്കിയിട്ടുള്ള സീനിയർ സിറ്റിസൺസ് പാർക്കിൽ ‘ ടേക്ക് എ ബ്രേക്ക്, ടോക്ക് എ വൈൽ’ എന്ന പേരിൽ ടോക്കിങ് പാർലർ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ എസ് ഐ റോയ് വയോജന സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു സംഗീതം,നൃത്തം,ലഘു നാടകങ്ങൾ എന്നിങ്ങനെ വിവിധ കലാപരിപാടികൾ കൊണ്ട് സമ്പന്നമായ ഒരു പകൽ വയോജനങ്ങൾക്ക് ആത്മവിശ്വാസവും ആനന്ദവും സർവ്വോപരി കരുതലും പകരുന്നതായിരുന്നു.