സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ നിർബന്ധമായും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ നിലവിലുള്ള കാർഡ് പുതുക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പുതുതായി ജോലിയ്‌ക്കെത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനുമുള്ള സാവകാശമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ശക്തമായി നടന്നു വരികയാണ്. കഴിഞ്ഞ ജൂണ്‍ മാസത്തിലും ഈ മാസം ഇതുവരെയുമായി 7,584 പരിശോധനകളാണ് നടത്തിയത്. 206 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 28,42,250 രൂപ പിഴയിനത്തിൽ ഈടാക്കി. 1065 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3798 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 720 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 54 സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും 90 സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡിക്കേഷന്‍ നടപടികളും സ്വീകരിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ഥിരം പരിശോധനകള്‍ കൂടാതെ പ്രത്യേക പരിശോധനകളും സംഘടിപ്പിക്കുന്നുണ്ട്. ഷവര്‍മ പ്രത്യേക സ്‌ക്വാഡ് 512 പരിശോധനകള്‍ നടത്തി 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി 1993 പരിശോധനകള്‍ നടത്തി. 90 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി 2645 പരിശോധനകള്‍ നടത്തുകയും 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. സുരക്ഷിതമായ മത്സ്യലഭ്യത ഉറപ്പ് വരുത്താനായി 583 പ്രത്യേക പരിശോധനകള്‍ നടത്തി. 498 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ച് നടപടി സ്വീകരിച്ചുവെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.