നിരപരാധികളായ സിപിഐഎം പ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്ന വിദഗ്ധന്‍;വി വി ബെന്നിക്കെതിരെ ജെയിന്‍ രാജ്
പൊലീസിലെ ഉന്നതരായ മൂന്ന് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തെന്ന ആരോപണമായാണ് യുവതി രംഗത്തെത്തിയത്
കൊച്ചി: തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നിക്കെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. നിരപരാധികളായ സിപിഐഎം പ്രവര്‍ത്തകരെ ഒരു ബന്ധവുമില്ലാത്ത കേസുകളില്‍ കുടുക്കുന്നതില്‍ വിദഗ്ധനാണ് ബെന്നിയെന്ന് ജെയിന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം
വി വി ബെന്നി നിരപരാധികളായ സിപിഐഎം പ്രവര്‍ത്തകരെ ഒരു ബന്ധവുമില്ലാത്ത കേസുകളില്‍ കുടുക്കുന്നതില്‍ വിദഗ്ദന്‍..’, എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
വി വി ബെന്നി, പത്തനംതിട്ട മുന്‍ ഡിവൈഎസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ക്കെതിരായ യുവതിയുടെ പീഡന പരാതി റിപ്പോര്‍ട്ടര്‍ പുറത്തവിട്ട അതേ മണിക്കൂറിലാണ് ജെയിന്‍ ബെന്നിക്കെതിരെ രംഗത്തെത്തിയത്. പൊലീസിലെ ഉന്നതരായ മൂന്ന് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വിവരം റിപ്പോര്‍ട്ടറിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്.
ക്രൂരമായ ബാലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതിയുടെ പരാതിയിലുണ്ട്. പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങാന്‍ ആവശ്യപ്പെട്ടു. അവഗണിച്ച് ഇറങ്ങിയപ്പോള്‍ എസ്പിയുടെ സുഹൃത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനി ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മൂന്ന് പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ പരാതിയില്‍ പറുന്നു.
താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം തടസ്സപ്പെടുത്താന്‍ വി വി ബെന്നി ശ്രമിച്ചുവെന്നതിന്റെ തെളിവുകളും നേരത്തെ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. കേസില്‍ പ്രതികളായ പൊലീസുകാര്‍ വിവി ബെന്നിയുടെ ഡിവിഷനിലായിരുന്നു.