*പരാതി പരിഹാരത്തിന് അദാലത്തുകളിലെ അതേ സമീപനം ഓഫീസുകളിലും സ്വീകരിക്കണം: മന്ത്രി പി. പ്രസാദ്*
_______________________________________
അദാലത്തുകളിൽ സ്വീകരിക്കുന്ന സമീപനം ഓഫീസുകളിലും ഉദ്യോസ്ഥർ സ്വീകരിച്ചാൽ ജനങ്ങളുടെ പരാതി പരിഹാരം അതിവേഗം സാധ്യമാകുമെന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ്.
പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ കുന്നത്തുനാട് താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉദ്യോസ്ഥർ തയാറാക്കിയ റിപ്പോർട്ട് പരിശോധിച്ചു പരാതികളിന്മേൽ ചർച്ച നടത്തിയാണ് അദാലത്തിൽ പരിഹാരം കണ്ടെത്തുന്നത്.
നിയമത്തിനും ചട്ടത്തിനും വിധേയമായിട്ടാണിത്. സാധാരണക്കാർക്ക് അനുകൂലമായ രീതിയിൽ നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിച്ചാണു പരിഹാരം കാണുന്നത്. ചർച്ചകൾക്കും പഠനങ്ങൾക്കുമുള്ള ഇടം കൂടിയാണ് അദാലത്ത്. ഏതു രീതിയിൽ പ്രശ്നം പരിഹരിക്കാമെന്നു മന്ത്രിമാരും ഉദ്യോഗസ്ഥരും പരാതിക്കാരായ ജനങ്ങളും ചേർന്നു ചർച്ച നടത്തുന്നു. ഈ സമീപനം ആയിരക്കണക്കിനാളുകൾക്കു പരാതി പരിഹാരം സാധ്യമാക്കി ആശ്വാസം പകരുമെന്നും മന്ത്രി പറഞ്ഞു.