കാഞ്ഞിരമറ്റം:ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഉപയോഗിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ ഫ്ലോമീറ്റർ സ്ഥാപിക്കണമെന്ന വാട്ടർ അതോറിറ്റിയുടെ ശ്രമം ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും, പ്രതിപക്ഷ അംഗങ്ങളും, പൊതുജനങ്ങളും കൂടി പ്രതിരോധിച്ചു.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പോലീസ് അകമ്പടിയോടുകൂടിയാണ് ഫ്ലോമീറ്റർ സ്ഥാപിക്കുന്നതിന് ആമ്പല്ലൂരിൽ എത്തിയത്. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും രാവിലെ തന്നെ വാട്ടർ ടാങ്കിനു മുമ്പിൽ കാവലായിരുന്നു.
നിലവിൽ ഉദയംപേരൂർ പഞ്ചായത്ത് പരിധിയിലേക്കും , ആമ്പല്ലൂർ പഞ്ചായത്തിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നതും ആമ്പല്ലൂർ വാട്ടർ ടാങ്കിൽ നിന്നാണ്. എന്നാൽ കുന്നും മലയും ഇടതൂർന്ന് കിടക്കുന്നു ആമ്പല്ലൂർ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം കിട്ടാക്കനിയാണ്. ഉദയംപേരൂരാകട്ടെ സമതലപ്രദേശമാകയാൽ അത്തരത്തിലുളള ഒരു പ്രയാസം നിലവിലില്ല. പ്രശ്നപരിഹാരത്തിനായി എം.എൽ.എ.മാരായ അഡ്വ. അനൂപ് ജേക്കബ് കെ. ബാബു എന്നിവരുടെ സാന്നിധ്യത്തിൽ തൃപ്പൂണിത്തുറ റസ്റ്റ് ഹൗസിൽ വെച്ച് ഇരുപഞ്ചായത്ത്ഭാരവാഹികളും, വാട്ടർ അതോറിറ്റി ജീവനക്കാരും കൂടി ചർച്ച ചെയ്തു ചില തീരുമാനങ്ങളെടുത്തിരുന്നു എന്നാൽ ആയത് നടപ്പിൽവരുത്താതെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മലക്കം മറിയുകയാണുണ്ടായത്. മാത്രമല്ല ചില തൽപര വ്യക്തികളുടെ താൽപര്യത്തിനൊത്ത് ഫ്ലോമീറ്റർ സ്ഥാപിക്കാനുള്ള കുടില നീക്കവും നടത്തി.
ആമ്പല്ലൂർ പഞ്ചായത്തിനോ – നിവാസികൾക്കോ ഫ്ലോമീറ്റർസ്ഥാപിക്കുന്നതിനോടെതിർപ്പോ വിരോധമോ ഇല്ല. പക്ഷേ ആമ്പല്ലൂർ നിവാസികൾക്ക് കുടിവെള്ളം സുലഭമായി ലഭിക്കാൻ രണ്ടുദിവസം തുടർച്ചയായി വെള്ളം ലഭിക്കണമെന്ന നിബന്ധന മാത്രമാണ് ആമ്പല്ലൂർ പഞ്ചായത്ത് മുന്നോട്ട്‌വെച്ചത്.തുടർന്ന് രണ്ട് ദിവസം തുടർച്ചയായി ഉദയംപേരൂരിനും ഉപയോഗിക്കാം.
പിറവം എം.എൽ എ അനൂപ് ജേക്കബിൻ്റേയും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേയും, പോലീസ് ഉദ്യോഗസ്ഥരുടേയും, ആമ്പല്ലൂർ പഞ്ചായത്ത് അംഗങ്ങളുടേയും കൂട്ടായ ചർച്ചയിൽ 18.5 2024 ന് ഇരുപഞ്ചായത്ത് ഭാരവാഹികളും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ഇരു എം.എൽ.എമാരും ചേർന്ന് കൂടിയാലോചിച്ച്ഈ ഫോർമുല രേഖാമൂലം ചിട്ടപ്പെടുത്തിയ ശേഷം ഫ്ലോമീറ്റർ വെക്കാമെന്ന ധാരണയിൽ തൽക്കാലം പ്രശ്നത്തിന് പരിഹാരമായി പിരിഞ്ഞു.
ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് വൈസ് പ്രസിഡണ്ട് ജയശ്രീ പദ്മാകരൻ , സ്ഥിരം സമിതി അധ്യക്ഷരായ ബിനു പി.ജെ, എം.എം. ബഷീർ, ജലജാമണിയപ്പൻ തുടങ്ങിയവർ പ്രതിരോധത്തിന് നേതൃത്വം നൽകി.