ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ തൊണ്ണൂറ്റിയൊന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് നീഡ്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടന്നു. 1934 ജനുവരി 17 ന് ഗാന്ധി പ്രസംഗിച്ച ചളിയംപാടത്തു നിന്നും ആരംഭിച്ച പദയാത്ര അദ്ദേഹം വിശ്രമിച്ച അന്നത്തെ തിരുവിതാംകൂർ സത്രമായിരുന്ന ഇന്നത്തെ റസ്റ്റ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിൽ സമാപിച്ചു.
അനുസ്മരണ സമ്മേളനം പ്രമുഖ ഗാന്ധിയൻ പി.വി.കൃഷ്ണൻനായർ ഉദ്‌ഘാടനം ചെയ്തു. ഗാന്ധിയൻ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീഡ്‌സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. നീഡ്‌സ് വൈസ് പ്രസിഡന്റ് പ്രൊഫ.ആർ.ജയറാം, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്, കോ ഓഡിനേറ്റർ കെ.പി.ദേവദാസ്, ബോബി ജോസ്, ആശാലത, ദേവരാജൻ, മിനി മോഹൻദാസ് എന്നിവർപ്രസംഗിച്ചു.