തമിഴ്നാടന്‍ ജില്ലകളിലെ വരള്‍ച്ചയകറ്റി കൃഷി സമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി കുമളിയില്‍ പണിതുയര്‍ത്തിയ മുല്ലപെരിയാര്‍ അണക്കെട്ടിന് 129 വയസ്. സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എന്‍ജിനീയര്‍ അണക്കെട്ട് നിര്‍മിച്ചതോടെയാണ് പെരിയാര്‍ വന്യജീവി സങ്കേതവും തേക്കടി തടാകവുമെല്ലാം രൂപം കൊണ്ടത്. അന്ന് മുല്ലപെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന ആദിവാസികളുടെ പുതിയ തലമുറക്കാര്‍ ഇപ്പോള്‍ തേക്കടിയിലെ മന്നാക്കുടിയലുണ്ട്.
കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉൽഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിടുമ്പോൾ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് വിവാദങ്ങളും- ചരിത്രവുമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ 68556 ഹെക്ടർ സ്ഥലത്തെ കൃഷിക്കും 5 ജില്ലകളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാണ് ഈ അണക്കെട്ട്. പെരിയാർ വന്യജീവി സങ്കേതത്തിലെയും പരിസരങ്ങളിലെയും 5398 ചതുരശ്ര കിലോമീറ്ററാണ് ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. 1885 ൽ തിരുവിതാംകൂർ മഹാരാജാവും മദ്രാസ് റെസിഡൻസിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം നിർമാണം ആരംഭിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 1895 പൂർത്തീകരിച്ചിട്ട് 129 വർഷം പൂർത്തിയാകുന്നു.
ജോൺ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനീയറുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണരംഗത്തെ വിസ്മയമാണ്. കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളിൽ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് നിർമാണം. നിർമാണഘട്ടത്തിൽ 2 തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്. ലോകത്ത് ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ട് എന്ന ഖ്യാതിയും മുല്ലപ്പെരിയാറിനാണ്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജീവിച്ചിരുന്നു ഗോത്ര വിഭാഗങ്ങളിലെ പുതുതലമുറക്കാര്‍ക്ക് മുല്ലപെരിയാര്‍ നിര്‍മാണ കാലത്തെ കഥകളും –കാര്യങ്ങളും ഇവരുടെ മുതുമുത്തശ്ശന്‍മാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് നിര്‍മാണത്തിലിരിക്കെ രണ്ട് തവണ തകര്‍ന്ന ഡാമിന്റെ ഉറപ്പിന് വേണ്ടി രണ്ട് ഗര്‍ഭിണികളെ ബലി കൊടുത്തുവെന്ന കഥ. മുല്ലപെരിയാര്‍ തമിഴ്നാടിന് പൊന്‍മുട്ടയിടുന്ന താറാവാണ്, ചില ഗോത്രവിഭാഗങ്ങള്‍ക്കിത് ദൈവമാണ്, എന്നാല്‍ കാലഹരണപ്പെട്ട ഈ പുരാതന നിര്‍മിതി കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നവുമാണ്.
#techtravelbyfaizal #Mullaperiyar #mullaperiyar
#dam #keralagodsowncountry