“ബാങ്കിനെതിരെ ചിലർ നടത്തി വരുന്ന സാമ്പത്തിക ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതുമാണ്”
മുളന്തുരുത്തി: നൂറ്റിയെട്ട് വർഷത്തെ സ്തുത്യർഹമായ സേവന പ്രവർത്തന പാരമ്പര്യമുള്ള മുളന്തുരുത്തി സർവീസ് സഹകരണ സംഘം ഇരുപതിനായിരത്തിൽപ്പരം സഹകാരികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് കൂടെ നിന്ന് സഹകരിച്ച് പോരുന്ന പ്രസ്ഥാനമാണ്.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയ ആവശ്യങ്ങളിൽ ബാങ്ക് സഹകാരികളോടൊപ്പം നിന്നു. വസ്തു വാങ്ങാൻ, വീട് നിർമ്മിക്കാൻ, വിദേശത്ത് പോയി പഠിയ്ക്കാൻ, വാഹനം വാങ്ങാൻ, ചികിത്സാ ചിലവുകൾക്ക്, പുതിയ ബിസിനസ്സ് ആരംഭിയ്ക്കാനൊക്കെയായി ബാങ്ക് സഹകാരികളെ ചേർത്ത് പിടിച്ചു.
വിവിധ ആവശ്യങ്ങൾക്കായി ബാങ്കിനെ സമീപിക്കുന്ന ഓരോ സഹകാരികൾക്കും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ബാങ്ക് വായ്‌പകൾ നൽകുന്നുണ്ട്. കൊവിഡും വെള്ളപ്പൊക്കവും തുടങ്ങിയ ദുരിതങ്ങളും ദുരന്തങ്ങളും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ കാലത്ത് പതിനായിരക്കണക്കിന് ആളുകളാണ് സാമ്പത്തികമായി തകർന്നടിഞ്ഞത്.
ബാങ്ക് അവരുടെ അവസ്ഥയിൽ അനുഭാവപൂർവ്വം നിന്ന് അവരുടെ വായ്പകളുടെ തിരിച്ചടവിന് സഹകരണ നിയമം അനുശാസിക്കുന്ന ഇളവുകൾ അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ കോടിക്കണക്കിന് രൂപ കുടിശിക ഇനത്തിൽ ബാങ്കിൽ എത്തിയിട്ടുണ്ട്. ഇത് ബാങ്ക് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ബാങ്കിനോടും ബാങ്കിലെ സഹകാരികളോടുമുള്ള ഉത്തരവാദിത്തം കൊണ്ടാണ്.
ഇപ്പോൾ ബാങ്കിനെതിരെ ചിലർ നടത്തി വരുന്ന സാമ്പത്തിക ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതുമാണ്. പതിനൊന്ന് വായ്പാ അപേക്ഷകളിൻമേൽ ആകെ മൂന്ന് കോടി എൺപത്തിയഞ്ച് ലക്ഷം രൂപയാണ് ബാങ്ക് അനുവദിച്ചത്. മതിയായ ഈടിന്മേലായിരുന്നു വായ്‌പകൾ അനുവദിച്ചത്. തിരിച്ചടവ് മുടങ്ങിയപ്പോൾ സ്വാഭാവികമായും മുതലും പലിശയും പിഴപ്പലിശയും കൂടുമല്ലോ.
മുൻ ഭരണസമിതിയുടെ കാലം മുതൽ കിട്ടാക്കടം തിരിച്ച് പിടിയ്ക്കാനായി ബാങ്ക് സ്ഥിരമായി ബാങ്കിൽ സെയിൽ ഓഫീസറെ നിയമിയ്ക്കുകയും എ.ആർ.സി. നടപടികൾ നടത്തി വരികയും ചെയ്യുന്നുണ്ട്. അതനുസരിച്ച്സഹകാരികളിൽ നിന്നും ഈടായി ബാങ്കിന് നൽകിയ വസ്‌തുവിന്റെ ലേല ങ്ങ ളെല്ലാം പ്രമുഖ ദിനപ്പത്രങ്ങളിൽ പ്ര ദ്ധീകരിക്കുന്നുമുണ്ട്.
ഇത്രയും സുതാര്യമായ ബാങ്ക് ഇടപാടുകൾ നടക്കുന്ന ഒരു സഹകരണ ബാങ്ക് ജില്ലയിൽത്തന്നെ വിരളമായിരിക്കെ സമൂഹിക മാധ്യമ ഗ്രൂപ്പുകളിലെ സാമൂഹ്യവിരുദ്ധരുടെ ജൽപനങ്ങളിൽ കുടുങ്ങി നമ്മുടെ ബാങ്കിനെ സഹകാരികൾ അവിശ്വസിയ്ക്കരുതെന്ന് മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറിൻ ടി. ഏലിയാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
324 കോടി രൂപ ആസ്ഥി മൂലധനമുള്ള ബാങ്കിനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്ന കിട്ടാക്കടം മൂലം മറ്റ് ഒരു സഹകാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതല്ല. ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സഹകാരികളുടെ ഒരു രൂപ പോലും കുറയാതെ തിരിച്ച് കൊടുക്കാൻ ബാങ്കിന് ശേഷിയുണ്ട്. വായ്പ കുടിശിക വരുത്തിയ സഹകാരികൾക്കെതിരെ മുൻ ഭരണസമിതിയുടെ തുടർച്ചയായ ഈ ഭരണസമിതിയും മുഖം നോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നുംജെറിൻ പറഞ്ഞു.
മുൻ ബാങ്ക് പ്രസിഡൻ്റ് രാജു സി.വി, ബോർഡ് മെമ്പർമാരായ, ചാക്കോച്ചൻ കന്നപ്പള്ളി, മധുസൂദനൻ കെ.പി, ബിനോയ് മത്തായി, സുരേഷ് വി.പി. എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.