‎റെയിൽവേയുടെ കടുത്ത അവഗണന – കൂട്ടായ പ്രക്ഷോഭം അനിവാര്യം -തോമസ് ഉണ്ണിയാടൻ

 

കല്ലേറ്റുംകര :അനേക വർഷങ്ങളുടെ പഴക്കമുള്ളതും 16 ലക്ഷത്തോളം യാത്രക്കാരും 6 കോടിയോളം രൂപ വാർഷിക വരുമാനമുള്ളതുമായ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ കടുത്ത അവഗണനയിലാണെന്നും ഇത്രയും അവഗണന നേരിടുന്ന സ്റ്റേഷൻ കേരളത്തിൽ വേറെ ഇല്ലെന്നും റയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും കണ്ണ് തുറപ്പിക്കാൻ തുടർച്ചയായ കൂട്ടായ പ്രക്ഷോഭം അനിവാര്യമാണെന്നും കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. റെയിൽവേ അവഗണനക്കെതിരെ കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഉണ്ണിയാടൻ. പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന 5 ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കിയിരിക്കുന്നു. ഈ റെയിൽവേ സ്റ്റേഷനുള്ളിൽ വിശ്രമമുറിയോ ബാത്റൂമോ കാന്റീനോ ഇരിപ്പിടങ്ങളോ മേൽക്കൂരയോ ലൈറ്റുകളോ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക്‌ ചെയ്യുന്നത്തിനുള്ള സൗകര്യങ്ങളോ ഇല്ല.ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള ഇത്രയും വലിയ അവഗണനക്കെതിരെ തുടർസമരങ്ങൾക്ക് പാർട്ടി രൂപം നൽകുമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ആളൂർ മണ്ഡലം പ്രസിഡന്റ്‌ ഡെന്നിസ് കണ്ണoകുന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ, ജോസ് അരിക്കാട്ട്, ജോബി മംഗലൻ, എൻ. കെ. കൊച്ചുവാറു, നൈജു ജോസഫ്, ഷീല ഡേവിസ്,നെൽസൺ മാവേലി, ഷോളി അരിക്കാട്ട്, ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.