നെടുമ്പാശ്ശേരി : ലഹരിക്കെതിരെ യോഗ എന്ന സന്ദേശവുമായി അന്താരഷ്ട്ര യോഗ ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സിയാൽ കൺവെൻഷൻ സെൻ്റെറിൽ കൂട്ടായ യോഗ പരിശീലനം നടത്തി. പ്രശസ്ത സിനിമാ താരം മോഹൻലാൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ജാഗ്രത യുവജനങ്ങളിലെ പ്രതിരോധ ശക്തി വളർത്തുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മോഹൻലാൽ പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിക്കെതിരെയുള്ള ത്രീവ്രയജ്ഞത്തിനാണ് ഫൗണ്ടേഷൻ തുടക്കം കുറിച്ചത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെയാണ് ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നത്. ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവി, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി സോണൽ ഡയറക്ടർ വേണുഗോപാൽ ജി. കുറുപ്പ്, ഡോക്ടർ ടെസി ഗ്രേസ് മാത്യൂസ്, ഗിരിജ ബി. നായർ തുടങ്ങിയവർ സംസാരിച്ചു. മോഹൻലാലിനൊടൊപ്പം വിദ്യാർത്ഥികളും അദ്ധ്യാപകരും സിയാൽ ഉദ്യോഗസ്ഥരും ഉൾപ്പെടെ ആയിരത്തോളം പേർ യോഗയിൽ പങ്കെടുത്തു.