വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം പള്ളികളിൽ മയ്യിത്ത് നമസ്കാരവും ദുരന്തത്തിൽപ്പെട്ടവർക്ക് പ്രത്യേക പ്രാർഥനയും നടത്തണമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ആഹ്വാനം ചെയ്തു

മലപ്പുറം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമായി പ്രത്യേക പ്രാർത്ഥനാ സദസ്സ് നടത്തി മഅദിൻ അക്കാദമി. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനാ ചടങ്ങ് ഉദ്ഘാടനംചെയ്തു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം പള്ളികളിൽ മയ്യിത്ത് നമസ്കാരവും ദുരന്തത്തിൽപ്പെട്ടവർക്ക് പ്രത്യേക പ്രാർഥനയും നടത്തണമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ആഹ്വാനം ചെയ്തു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് സർക്കാരിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, യ്യിദ് ശഫീഖ് അൽ ബുഖാരി, കെവി തങ്ങൾ കരുവൻതിരുത്തി, സയ്യിദ് അഹമ്മദുൽ കബീർ അൽ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി,അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി പി എം മുസ്തഫ കോഡൂർ തുടങ്ങിയവർ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു.