വിദ്യാര്‍ത്ഥിയുടെ മരണം: പി.ഡി.പി. പ്രതിഷേധ മാര്‍ച്ച് നടത്തി.
ക്രൂരമായ റാഗിംഗിലും ശാരീരിക മാനസീക പീഢനത്തേയും തുടര്‍ന്ന് ജീവനൊടുക്കിയ തിരുവാണിയൂര്‍ ഗ്ളോബല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പറഞ്ഞു. സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പീഢനം നേരിട്ടിട്ടുണ്ടെന്ന കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കണം. ഇരയോട് മാനുഷീകമായ പരിഗണനയോ , കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയോ ചെയ്യാതെ മരണപ്പെട്ട വിദ്യാര്‍ത്ഥിയെ കുറ്റാരോപിതനാക്കി പ്രസ്താവന നടത്തി അപമാനിക്കാന്‍ ശ്രമിച്ച സ്കൂള്‍ അധികൃതര്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് പോലും പരിഗണന നല്‍കുന്നില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരും. പി.ഡി.പി. കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി ഗ്ളോബല്‍ പബ്ളിക് സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് സ്കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല, ജില്ല ഭാരവാഹികളായ ഷെജീര്‍ കുന്നത്തേരി , അബൂബക്കര്‍ പള്ളിക്കവല, നജീബ് എടത്തല , നിയോജകമണ്ഡലം സെക്രട്ടറി ഷെമീര്‍ പുക്കാട്ടുപടി തുടങ്ങിയവര്‍ പ്രസംഗിച്ചു.