വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിലെ താക്കോൽ കണ്ടെടുത്ത് അകത്തു
കയറി അലമാരയിൽ നിന്നു പണം കവർന്ന യുവാവിനെ പോലീസ് പിടികൂടി.
വൈക്കം:വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിലെ താക്കോൽ കണ്ടെടുത്ത് അകത്തുകയറി അലമാരയിൽ നിന്നു പണം കവർന്ന യുവാവിനെ പോലീസ് പിടികൂടി. വൈക്കം അയ്യർകുളങ്ങര വൈക്കം മഹാദേവ കോജിനു സമീപം താമസിക്കുന്ന മണ്ഡാശേരി മത്തായിയുടെ വീട്ടിൽ നിന്ന് 8000 രൂപയോളം കവർന്ന കേസിൽ വൈക്കം കെ എസ് മംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി ശ്രീജിത്തി (42) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ ഗൃഹനാഥൻ പശുവിന് വെള്ളം കൊടുക്കാൻ സമീപ പറമ്പിൽ പോയ നേരമാണ് യുവാവ് വീട്ടിലെത്തി വീടിൻ്റെ താക്കോൽ കണ്ടെടുത്ത് വീടിനുള്ളിൽ കയറി മോഷണം നടത്തിയത്. വീട്ടിൽ മുമ്പ് കേബിൾ ടി വി യുടെ പിരിവിനായി വന്നപ്പോൾ ഗൃഹനാഥൻ താക്കോൽ വയ്ക്കുന്നിടം ഇയാൾ കണ്ടിരുന്നു. വീടിനുള്ളിൽ കയറി കട്ടിലിലെ കിടക്കയ്ക്കടിയിൽ നിന്ന് താക്കോലെടുത്ത് അലമാര തുറന്നാണ് പണം കവർന്നത് .ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് പണം കൈക്കലാക്കി പുറത്തുകടക്കുന്നതിനിടയിൽ ഗൃഹനാഥൻ വീട്ടിലേയ്ക്കു വന്നു. സംശയം തോന്നി ഗൃഹനാഥൻ ഇയാളെ തടഞ്ഞു നിർത്തിയപ്പോൾ ബാത്ത്റൂമിൽ പോകാനായി വീട്ടിൽ കയറിയതാണെന്ന് ഇയാൾ പറഞ്ഞു. ആളില്ലാത്ത വീട്ടിൽ എന്തിനാണ് കയറിയതെന്ന് ചോദിച്ചപ്പോൾ ഗൃഹനാഥനെ തള്ളിചെടിച്ചട്ടികൾക്ക് മീതേയ്ക്ക് വീഴ്ത്തിയിട്ട് ഇയാൾ ബൈക്കിൽ കയറി പാഞ്ഞു പോയി. ഗൃഹനാഥൻ അയൽക്കാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ബൈക്കിൽ പാഞ്ഞുവന്ന യുവാവിൻ്റെ ചിത്രം സമീപവാസികൾ പകർത്തി. മോഷണ വിവരം പൊടുന്നനെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ പരന്നതോടെമൊബൈലിൽ ചിത്രം കണ്ട് സംശയം തോന്നിയ പ്രദേശത്തെ യുവാക്കൾ ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞു നിർത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിയായ യുവാവ് ഏതാനും വർഷങ്ങളായി കുടുംബ സമേതം വൈക്കത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. വൈക്കം പോലീസ് ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. ത്രിപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുമ്പ് മോഷണകേസുണ്ടെന്ന് പോലീസ് പറഞ്ഞു