വൈക്കം കായലോരബീച്ച് കേന്ദ്രീകരിച്ച് ലഹരിസംഘത്തിന്റെയും സമൂഹവിരുദ്ധരുടെയും പ്രവർത്തനങ്ങൾ വർധിക്കുന്നു

 

വൈക്കം: വൈക്കം കായലോരബീച്ച് കേന്ദ്രീകരിച്ച് ലഹരിസംഘത്തിന്റെയും സമൂഹവിരുദ്ധരുടെയും പ്രവർത്തനങ്ങൾ വർധിക്കുന്നു. ബീച്ചിന്റെ വള്ളക്കടവ് ഭാഗത്താണ് ലഹരിസംഘം പിടിമുറുക്കിയിരിക്കുന്നത്. രാവിലെയും രാത്രിയിലുമാണ് ഇവിടെ സംഘങ്ങൾ എത്തുന്നത്.

 

രാത്രി ബീച്ചിലെ വെളിച്ചക്കുറവ് ലഹരികൈമാറ്റം എളുപ്പമാക്കാൻ ഇവരെ സഹായിക്കുന്നുണ്ട്. കൗമാരക്കാരായ കുട്ടികളാണ് ഇവിടെ എത്തുന്നവരിലേറെയും. പ്രദേശത്ത് സമൂഹവിരുദ്ധശല്യവും രൂക്ഷമാണ്. ബീച്ചിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ നഗരസഭ സ്ഥാപിച്ച ഇരുമ്പുകസേര കഴിഞ്ഞദിവസം സമൂഹവിരുദ്ധർ ഇളക്കിമാറ്റി മരച്ചുവട്ടിലേക്ക് മാറ്റിയിട്ടു. സംഭവം ചോദ്യംചെയ്തവരെ ലഹരിയിലായിരുന്ന യുവാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്.

 

തൊട്ടുസമീപത്ത് വൈക്കം ഡിവൈഎസ്‌പി ഓഫീസ് സ്ഥിതിചെയ്യുന്നുണ്ടെങ്കിലും പോലീസും എക്‌സൈസും കാര്യമായ പരിശോധനകൾ ഇവിടെ നടത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും കായലോരബീച്ചിൽ ഒട്ടേറെയാളുകളാണ് കുടുംബവുമായി എത്തുന്നത്. ഇവിടെ എത്തുന്നവർക്ക് പോലീസും എക്‌സൈസും വേണ്ടത്രസുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം