*വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും; 23ന് അഷ്ടമി ദർശനം, 24ന് ആറാട്ട്

*


വൈക്കം: ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 8നും 8.45നും ഇടയിലാണ് കൊടിയേറ്റ്. കൊടിയേറ്റിനു ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിയും.

 

തുടർന്ന് ആദ്യ ശ്രീബലി, സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അഹസിനുള്ള അരി അളക്കൽ, രാത്രി 9ന് കൊടിപ്പുറത്തു വിളക്ക്. 16, 17, 19, 22 തീയതികളിൽ ഉച്ചയ്ക്ക് 12ന് ഉത്സവബലി, 17ന് ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി രാത്രി 10ന് വൈക്കം ക്ഷേത്രത്തിൽ കൂടിപ്പൂജ, 18 മുതൽ ദേവസ്വം ബോർഡിന്റെ പ്രാതൽ ആരംഭിക്കും.

 

രാവിലെ 8ന് ശ്രീബലി, രാത്രി 11ന് ഋഷഭവാഹന എഴുന്നളളിപ്പ്. 21ന് രാവിലെ 10ന് ശ്രീബലി, രാത്രി 11ന് വലിയ വിളക്ക്, 22ന് വൈകിട്ട് 6.30ന് അഷ്ടമി പ്രാതലിന്റെ അരി അളക്കൽ. 121 പറ അരിയുടെ പ്രാതൽ ഒരുക്കും. 23ന് രാവിലെ 4.30ന് അഷ്ടമി ദർശനം, 11ന് അഷ്ടമി പ്രാതൽ, രാത്രി 10ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, ദേശദേവതമാരുടെ എഴുന്നള്ളത്ത്, വലിയ കാണിക്ക സമർപ്പിക്കാൻ കറുകയിൽ കൈമളുടെ വരവ്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വിട പറയൽ, ദുഃഖം ദുഃഖ ഖണ്ഠാരത്തിൽ ഉയരുന്ന നാഗസ്വരം. 24ന് വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ്.