*ഷിരൂരിലെ തിരച്ചില്‍: വെള്ളത്തിനടിയിൽ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക മന്ത്രി*
രക്ഷാദൗത്യം തുടങ്ങി ഒൻപതാം ദിവസമാണ് നിർണായക വിവരം ലഭിക്കുന്നത്.
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കർണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുഴയുടെ അടിയിലാണ് ട്രക്ക് കണ്ടെത്തിയത്.
ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ കണ്ടെത്തി, നാവികസേനയിലെ ഡീപ് ഡൈവർമാർ ഉടൻ പുഴയിൽ ഇറങ്ങും. ലോംഗ് ആം ബൂമർ എക്‌സ്‌കവേറ്റർ നദിയിൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിക്കും. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻ്റ് അണ്ടർഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. വെള്ളത്തിൽ കാണാതായ മൃതദേഹങ്ങൾക്കായി കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തിരച്ചിൽ നടത്തും’’- മന്ത്രി എക്സിൽ കുറിച്ചു.
രക്ഷൗദൗത്യം തുടങ്ങി ഒൻപതാം ദിവസമാണ് ലോറിയെ സംബന്ധിച്ച് നിർണായക വിവരം ലഭിക്കുന്നത്. ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചാണ് ഇന്ന് രാവിലെ പരിശോധന പുനരാരംഭിച്ചത്. ഈ യന്ത്രം ഉപയോഗിച്ച് 60 അടിആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്.
ജൂലൈ 16ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.