ഹിൽ പാലസിൽ വയോധികരോട് അപമര്യാദ; സ്നേഹക്കൂട്ടിലെ അച്ഛനമ്മമാർ യാത്ര ഉപേക്ഷിച്ചു

തൃപ്പൂണിത്തുറ: ഹിൽ പാലസ് സന്ദർശനത്തിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ധാർഷ്ട്യപരവും അസഭ്യം നിറഞ്ഞതുമായ പെരുമാറ്റത്തെ തുടർന്ന് കോട്ടയം ജില്ലയിലെ ‘സ്നേഹക്കൂട്ട്’ അനാഥാലയത്തിലെ വയോധികർ സന്ദർശനം ഉപേക്ഷിച്ച് മടങ്ങി.

ഇന്നലെ നടന്ന ഒരു ദിവസത്തെ ‘സഫലമീ യാത്ര’യുടെ ഭാഗമായി 125 പേരടങ്ങുന്ന സംഘം തൃപ്പൂണിത്തുറ ഹിൽ പാലസിലെത്തിയിരുന്നു. വീൽചെയറുകളിൽ യാത്ര ചെയ്യുന്ന വയോധികരും സ്റ്റാഫുകളും ഉൾപ്പെട്ട സംഘത്തിൽ, നടന്ന് കാണാൻ ബുദ്ധിമുട്ടുള്ളവർ വാഹനത്തിൽ തന്നെ ഇരിക്കാനും, ശേഷിക്കുന്നവർക്ക് ടിക്കറ്റ് എടുത്ത് പാലസ് സന്ദർശിക്കാനുമായിരുന്നു തീരുമാനം.

എന്നാൽ വാഹനം അകത്ത് പാർക്ക് ചെയ്താൽ വാഹനത്തിലിരിക്കുന്ന മുഴുവൻ ആളുകൾക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വാശി പിടിക്കുകയായിരുന്നു. വയോധികർ അനാഥാലയത്തിൽ നിന്നുള്ളവരാണെന്നും മാനുഷിക പരിഗണന ആവശ്യപ്പെട്ടപ്പോഴും ഉദ്യോഗസ്ഥൻ അതിന് തയ്യാറായില്ലെന്ന് സംഘാടകർ ആരോപിച്ചു.

ഇതിനിടെ ഉദ്യോഗസ്ഥൻ അസഭ്യപരാമർശങ്ങൾ നടത്തിയതായും, മാന്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിസ്വരത്തിൽ പ്രതികരിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ മാനസികമായി തളർന്ന വയോധികർ ഹിൽ പാലസ് സന്ദർശനം ഒഴിവാക്കി യാത്ര തുടർന്നതായി സംഘാടകർ പറഞ്ഞു.

വയോ സൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാനത്ത് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് യാത്രാസംഘം ചൂണ്ടിക്കാട്ടി. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, ജില്ലാ കലക്ടർ എന്നിവരോട് ആവശ്യപ്പെടുമെന്നും അവർ അറിയിച്ചു

#SeniorCitizens

#HumanityFirst

#RespectElders

#Accountability

#KeralaPolice