ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം ഇ .ടി മുഹമ്മദ് ബഷീർ എം.പി
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതി ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എംപി ലോക്‌സഭയിൽ പറഞ്ഞു. എൻ.ഡി.എ സർക്കാറിന്റെ ഈ തീരുമാനത്തെ അതിശക്തമായി എതിർക്കുകയാണെന്നും ഇന്നലെ പാർലമെന്റിൽ ബില്ലിന്റെ അവതരണ അനുമതിക്ക് തടസ്സ വാദം ഉന്നയിച്ചു കൊണ്ട് ഇ.ടി പറഞ്ഞു. ഈ നിയമം നടപ്പിലായാൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. പുതിയ നിയമം ജനങ്ങൾ നൽകിയ മാൻഡേറ്റിന് എതിരും ജനങ്ങളുടെ വോട്ട് അവകാശത്തെ ഹനിക്കുന്നതുമാണ്.
നിലവിൽ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. നിയമസഭകൾക്ക് കാലാവധി ഉണ്ടെങ്കിലും ലോക്‌സഭയുടെ കാലാവധി തീരുന്നതനുസരിച്ച് പിരിച്ചുടേണ്ടി വരും വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ ബിൽ. പ്രാദേശികമായിട്ടുള്ള വ്യത്യസ്തമായ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. രാജ്യത്തിന്റെ ജനാധിപത്യ വൈവിധ്യത്തിനും ബഹുസ്വരക്കും നിയമം എതിരും അപ്രായോഗകരവുമാണ്. രാജ്യത്തെ ജനങ്ങൾക്ക് വ്യത്യസ്ത തലങ്ങളിൽ ജനാധിപത്യ അവകാശം വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കാനേ ഈ ബില്ലും നിയമവും അവസരം ഒരുക്കൂ എന്നും ഇ.ടി പാർലമെന്റിൽ പറഞ്ഞു.