ചോറ്റാനിക്കര :അമ്പാടിമല കിഴക്കേ ചെരുവിൽ വീട്ടിൽ മോഹനന്റെ മകൻ വിനീത് ( വിഷ്ണു(30) ജന്മനാ ഹൃദയ വാൽവിനെ തകരാറുള്ള വ്യക്തിയാണ്. 12 വർഷങ്ങൾക്കു മുമ്പ് അമൃത ഹോസ്പിറ്റലിൽ നടത്തിയ ഓപ്പറേഷനിൽ വിഷ്ണുവിന്റെ ഹൃദയവാൽവ് മാറ്റിവെച്ചിരുന്നു. എന്നാൽ മാസങ്ങൾക്കു മുമ്പ് വീണ്ടും വാൽവ് തകരാറ് ഉണ്ടായപ്പോൾ അമൃത ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മറ്റൊരു ഓപ്പറേഷന് സാധ്യമല്ല എന്ന് ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. നിർധന കുടുംബാംഗമായ വിഷ്ണുവിന് അമൃതയിലെ മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് മാത്രം 36,000 ത്തിലധികം രൂപ ചെലവ് വന്നു. സാമ്പത്തിക പരാധീനത മൂലം കുടുംബം മകനെയും കൊണ്ട് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തുകയും ഡോക്ടർമാരുടെ ഉപദേശം തേടുകയും ചെയ്തു. അവിടെനിന്നും അനുകൂലമായ മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നടത്തി. വിഷ്ണുവിന്റെ ശരീരമാകെ ബാധിച്ചിരുന്ന നീരിന് കുറവുണ്ടായി എങ്കിലും പൂർണ്ണമായും ആരോഗ്യസ്ഥിതി വീണ്ടെടുത്തിരുന്നില്ല.വീട്ടിലെത്തിച്ച വിഷ്ണുവിന് ശ്വസിക്കണമെങ്കിൽ ഓക്സിജൻ സിലിണ്ടർ ആവശ്യമായിരുന്നു. അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ അവധി ദിനങ്ങൾ കഴിഞ്ഞിട്ട് നൽകാമെന്ന് അറിയിക്കുകയാണ് ഉണ്ടായത്. വിഷ്ണുവിന് ശ്വാസം എടുക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയപ്പോൾ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ് കേരളകൗമുദി ലേഖകൻ രാജേഷ് സോപാനവുമായി ബന്ധപ്പെടുകയായിരുന്നു. കോട്ടയത്ത് മെഡിക്കൽ എക്യുമെൻസ് വിതരണം നടത്തുന്ന സുരേഷ് മേനോൻ ഓക്സിജൻ സിലിണ്ടറും, അതിന് അനുബന്ധമായ മെഷീനുകൾ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ക്ഷേത്രോ ഉപദേശക സമിതി അംഗം കെ പി ഗോപിനാഥ് സ്പോൺസർ ചെയ്യുകയും ചെയ്തപ്പോൾ വിഷ്ണുവിന് ജീവശ്വാസം ലഭിക്കുകയായിരുന്നു. വിഷ്ണുവിന്റെയും കുടുംബത്തിന്റെയും നിർധനാവസ്ഥ ബോധ്യപ്പെട്ട രാജേഷ് സോപാനം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ തന്റെ പ്രിയസുഹൃത്തുക്കളിൽ നിന്ന് എട്ടു മണിക്കൂർ കൊണ്ട് 50,000 രൂപ സമാഹരിച്ച്. വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. വിഷ്ണുവിന്റെ ദയനീയാവസ്ഥ ബോധ്യപ്പെട്ട സ്റ്റെർലിംഗ് കമ്പനി ഓക്സിജൻ സിലിണ്ടറും രണ്ടാമതും സംഭാവനയായി നൽകിയിരുന്നു. വിഷ്ണുവിന്റെ കുടുംബത്തിന് തുക കൈമാറുവാൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോൺസൺ തോമസ്, സുശീൽ കോത്താരി തുടങ്ങിയവർ നേതൃത്വം വഹിച്ചു
Leave a comment