പാരിസ് ഒളിംപിക്‌സോടെ വിരമിക്കും’; പ്രഖ്യാപിച്ച് ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്

 

ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സായിരിക്കും ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീജേഷിന്റെ അവസാന ടൂര്‍ണമെന്റ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

2020ല്‍ ടോക്കിയോയില്‍ ഞങ്ങള്‍ നേടിയ ഒളിംപിക് വെങ്കല മെഡല്‍ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതില്‍ കണ്ണീരും സന്തോഷവും അഭിമാനവും എല്ലാം അടങ്ങിയിരിക്കുന്നു’

 

‘പാരിസില്‍ എന്റെ അവസാന പോരാട്ടത്തിനായി തയാറെടുക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനവും ഇനി മുന്നോട്ട് പ്രതീക്ഷയുമാണ് തോന്നുന്നത്. ഈ യാത്രയില്‍ എനിക്കൊപ്പം നില്‍ക്കുകയും സ്‌നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദി’

 

‘എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്’, ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

36-ാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2006ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് സീനിയര്‍ ടീമിന് വേണ്ടി 328 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

രണ്ട് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുമുണ്ട്. ഖേല്‍ രത്ന, അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യന്‍ ഗോള്‍ വല കാത്തത് ശ്രീജേഷ് ആയിരുന്നു.